ബംഗാള്‍ ഉള്‍കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം: ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 ബംഗാള്‍ ഉള്‍കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം: ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നതും നേരിയ ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ - വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇത് വരുന്ന മണിക്കൂറുകളില്‍ പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയില്‍ ഒഡിഷ - ഛത്തിസ്ഗര്‍ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുമുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.