തിരുവനന്തപുരം: ന്യൂനമര്‍ദവും ന്യൂനമര്‍ദ പാത്തിയും ശക്തമായതോടെ അടുത്ത നാലു ദിവസം കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം ഒഡീഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനില്‍ക്കുന്നു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ ഒഡീഷ-ഛത്തീസ്ഗഡ് മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
നാളെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മഴ ശക്തമായതോടെ പല ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. ഇതേ തുടര്‍ന്ന് ഇതിനോടകം ജലം പുറത്തേക്ക് ഒഴുക്കിവിടുന്ന പല ഡാമുകളിലും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പുതുതായി ചില ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനും തീരുമാനിച്ചു. ഇടുക്കി ഡാമില്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ പത്ത് വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ പതിനൊന്ന് വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും, ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പത്ത് വരെയും, കര്‍ണാടക തീരങ്ങളില്‍ പതിനൊന്ന് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.