കൊച്ചി: ഇടമലയാര്‍ അണക്കെട്ടില്‍ റൂള്‍ കര്‍വ് പിന്നിട്ടതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ സ്പില്‍വേയുടെ രണ്ട് മൂന്ന് ഷട്ടറുകളാണ് തുറന്നത്. 25 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 50 മുതല്‍ 100 ക്യുമെക്‌സ് (സെക്കന്‍ഡില്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ലിറ്റര്‍) വെള്ളമാണ് ഒഴുക്കുന്നത്.
തിങ്കളാഴ്ച 45 എം.സി.എം (മില്യണ്‍ ക്യുബിക് മീറ്റര്‍) വെള്ളമാണ് ഡാമില്‍ എത്തിയത്. വൈകുന്നേരം ഡാമിലെ ജലനിരപ്പ് 163.40 മീറ്ററായിരുന്നു. ഇടമലയാര്‍ സ്പില്‍വേയ്ക്ക് നാല് ഷട്ടറുകളാണ് ഉള്ളത്. ജലനിരപ്പ് റൂള്‍ കര്‍വില്‍ നിന്ന് താഴുന്നില്ലെങ്കില്‍ മറ്റ് ഷട്ടറുകള്‍ കൂടി തുറക്കും. ഇപ്പോള്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമാണ്.
ഇടമലയാര്‍ അണക്കെട്ടില്‍ നിന്ന് ജലമൊഴുക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ് അറിയിച്ചു.
ഇവിടെ ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എവിടെയെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് വിന്യസിക്കാന്‍ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ 2386.86 അടിയായി ആണ് ജലനിരപ്പ് ഉയര്‍ന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയി ഉയര്‍ന്നു. ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളില്‍ വെള്ളം കയറി.
നിലവില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ ഒഴുക്കുന്നത്. ഇന്ന് രാവിലെ പത്തോടെ കൂടുതല്‍ വെളളം ഒഴുക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. സെക്കന്റില്‍ അഞ്ച് ലക്ഷം ലിറ്റര്‍ ആയി ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ വീടുകളില്‍ വെളളം കയറിയതോടെ ഇനി കൂടുതലായി വെള്ളം ഒഴുക്കണോ എന്നതില്‍ വീണ്ടും യോഗം ചേര്‍ന്നാകും അന്തിമ തീരുമാനം എടുക്കുന്നത്.
വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ ജനം ആശങ്കയിലാണ്. പലരും ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നു. വെളളം ഒഴുകുന്ന ശബ്ദം പോലും പേടിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.