കൊച്ചി: സമൂഹ മാധ്യമത്തിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍(35) ആണ് എക്സൈസ് പിടിയിലായത്. പ്രതി കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസിന്റെ നടപടി.
ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഇയാളുടെ പക്കല്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കൂടാതെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.
മയക്കു മരുന്ന് ഉപയോഗിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന വീഡിയോയോ സോഷ്യല്‍ മീഡിയ പോസ്റ്റുകളോ നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ പൊലീസ് അറിയിച്ചു.