പരീക്ഷയില്‍ തോറ്റ എസ്.എഫ്.ഐ വനിതാ നേതാവിന് അറിയാത്ത ഭരതനാട്യത്തില്‍ ഗ്രേസ് മാര്‍ക്ക്; ഗവര്‍ണര്‍ക്ക് പരാതി

പരീക്ഷയില്‍ തോറ്റ എസ്.എഫ്.ഐ വനിതാ നേതാവിന് അറിയാത്ത ഭരതനാട്യത്തില്‍ ഗ്രേസ് മാര്‍ക്ക്; ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം: എസ്.എഫ്.ഐ വനിതാ നേതാവിന് ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ മലയാളം സ്‌കിറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വൈസ് ചാന്‍സലര്‍ ഒപ്പിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് ഗവര്‍ണര്‍ക്ക് പരാതി. ബി.എ ആറാം സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റ നേതാവിനെ ജയിപ്പിക്കാനാണ് വ്യാജമായി ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് പരാതി.

സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടറുടെ ശുപാര്‍ശ പ്രകാരമാണ് സംസ്‌കൃത സര്‍വകലാശാലയുടെ യുവജനോത്സവത്തില്‍ പങ്കെടുക്കാത്ത നേതാവിന് വി.സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തോറ്റ മാര്‍ക്ക് ലിസ്റ്റ് പിന്‍വലിച്ച ശേഷം പത്ത് ഗ്രേസ് മാര്‍ക്ക് വ്യാജമായി നല്‍കി വിദ്യാര്‍ത്ഥിനിയെ ഭരതനാട്യം ഡി ഗ്രേഡില്‍ ജയിപ്പിച്ചതായും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മലയാളം സ്‌കിറ്റില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജയിച്ചവര്‍ തങ്ങളുടെ ടീമില്‍ വനിതാ നേതാവ് പങ്കെടുത്തില്ലെന്ന് പരാതിപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിജയികള്‍ വി.സിക്ക് പരാതി നല്‍കിയിട്ടും അവഗണിക്കുകയായിരുന്നു. പിന്നാലെ യുവജനോത്സവത്തില്‍ പങ്കെടുത്തവരുടെ രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ കാണാതായി.

എസ്.എഫ്.ഐ നേതാവിനെ ജയിപ്പിക്കാന്‍ വ്യാജമായി ഗ്രേസ് മാര്‍ക്ക് നല്‍കിയത് റദ്ദാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.