തിരുവനന്തപുരം: വിഘടന വാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍.
പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരെന്നും ജമ്മുവും കാശ്മീര്‍ താഴ് വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന ജമ്മു കാശ്മീരെന്നും വിശേഷിപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട കെ.ടി.ജലീല്‍ എം.എല്‍.എ ആയി തുടരുന്നത് നാടിന് അപമാനമാണ്. സര്‍ക്കാര്‍ ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും മുരളീധരന്‍ പറഞ്ഞു.
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നുള്ളത് കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാല്‍ രാജ്യദ്രോഹമാണ്. വിഘടന വാദികളും രാജ്യദ്രോഹ ശക്തികളും എടുത്തിട്ടുള്ള നിലപാടാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു എം.എല്‍.എ സ്വീകരിച്ചതെന്നത് ഗൗരവമായി കാണേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
പഴയ സിമി നേതാവായ ജലീലില്‍ നിന്ന് ഇന്ത്യാ വിരുദ്ധ നിലപാടുകളല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.