കാലാവസ്ഥമാറ്റത്തിന്‍റെ സൂചന നല്‍കി അറബ് നാട്ടില്‍ അഗസ്ത്യനെത്തുന്നു

കാലാവസ്ഥമാറ്റത്തിന്‍റെ സൂചന നല്‍കി അറബ് നാട്ടില്‍ അഗസ്ത്യനെത്തുന്നു

അബുദബി: തണുപ്പുകാലത്തിന്‍റെ വരവ് അറിയിച്ച് അറേബ്യന്‍ ഉപദ്വീപില്‍ അഗസ്ത്യ നക്ഷത്രമുദിക്കുന്നു. ഓഗസ്റ്റ് 24 ന് അറബികള്‍ സുഹൈല്‍ എന്നുവിളിക്കുന്ന അഗസ്ത്യ നക്ഷത്രമുദിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. സുഹൈല്‍ അറബികള്‍ക്ക് വെറുമൊരു നക്ഷത്രമല്ല. ചൂടുകൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ എത്തുന്ന പ്രതീക്ഷയുടെ കിരണമാണ്.

ഇംഗ്ലീഷില്‍ കനോപസ് എന്നും അല്‍ഫ കറീന എന്നും സുഹൈല്‍ നക്ഷത്രം അറിയപ്പെടാറുണ്ട്. സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തോടെ ചൂടിന്‍റെ കാഠിന്യം കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധർ കണക്കുകൂട്ടുന്നത്.

കടുത്ത ചൂടില്‍ പ്രതീക്ഷയുടെ തണുപ്പ് നല്‍കാന്‍ സുഹൈൽ നക്ഷത്രത്തിന്‍റെ ഉദയത്തിനായി കാത്തിരിക്കുകയാണ് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്‌പേസ് സയൻസസ് അംഗം ഇബ്രാഹിം അൽ ജർവാൻ ട്വിറ്ററിൽ കുറിച്ചു. 

സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയം സമൃദ്ധിയും നന്മയും കൊണ്ടുവരുമെന്ന് എമിറാത്തികൾ വിശ്വസിക്കുന്നു.ഈ നക്ഷത്രത്തിന്‍റെ ഉദയത്തെ അടിസ്ഥാനമാക്കിയാണ് എമിറാത്തികള്‍ പണ്ട് കാലങ്ങളില്‍ അവരുടെ മത്സ്യബന്ധനം, മുത്ത് വേട്ട, കൃഷി എന്നിവയ്ക്ക് ഒരുങ്ങിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.