മസ്കറ്റ്: ഏഷ്യാകപ്പ് ക്രിക്കറ്റ് 2022 ന്റെ യോഗ്യത മത്സരങ്ങളില്‍ ഇന്ന് യുഎഇയും കുവൈത്തും ഏറ്റുമുട്ടും.അല്‍ ആമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ വൈകുന്നേരം ആറിനാണ് മത്സരം ആരംഭിക്കുക. യുഎഇ ടീമിനെ നയിക്കുന്നത് മലയാളിയായ തലശേരി സ്വദേശി റിസ് വാന്‍ റൗഫാണ്. ഇദ്ദേഹത്തെ കൂടാതെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ്, കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫു എന്നിവരും ടീമിലുണ്ട്.
കുവൈത്ത് ടീമിലും മലയാളികളുണ്ട്. കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, തിരുവനന്തപുരം തുമ്പ സ്വദേശി എഡിസൺ ഡിസിൽവ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് കുവൈത്ത് ടീമിലെ മലയാളി സാന്നിദ്ധ്യം. കുവൈത്ത്, യുഎഇ, ഹോങ്കോംഗ്, സിംഗപ്പൂർ ടീമുകളാണ് ഏഷ്യാകപ്പ് യോഗ്യതയ്ക്കായി മാറ്റുരയ്ക്കുന്നത്. നേരിട്ട് യോഗ്യതനേടിയ ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം ഒമാനിലെ യോഗ്യത മത്സരത്തില്‍ വിജയിച്ചാല്‍ ഒരു ടീമിനുകൂടി മത്സരത്തിന്റെ ഭാഗമാകാം. ദുബായിലും ഷാർജയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.