അബുദാബി: വഴിയരികിൽ നിന്നും വീണുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിച്ചാല്‍ തടവും വന്‍തുക പിഴയും. കനത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ സ്വന്തമാക്കുകയോ അത് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ യുഎഇയിലെ നിയമപ്രകാരം ശിക്ഷിക്കപ്പെടാന്‍ അര്‍ഹരാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
യുഎഇയില്‍ 2021ലെ 31-ാം ഫെഡറല്‍ ഉത്തരവ് പ്രകാരം വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാല്‍ ഇരുപതിനായിരം ദിര്‍ഹത്തില്‍ കുറയാത്ത (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും രണ്ട് വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വീണുകിട്ടുന്ന സാധനങ്ങൾ 48 മണിക്കൂറിനകം പൊലീസിന് കൈമാറണം.
എന്തെങ്കിലും അപകടങ്ങളോ അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാവുമ്പോള്‍ അവിടെ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ കൈവശപ്പെടുത്തുന്നത് കുറ്റകരമാണെന്നും അതിന് നിയമ പ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.