ശ്രീനഗര്‍: മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. 'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി' എന്നാണ് പേര്. ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗുലാം നബി പ്രഖ്യാപനം നടത്തിയത്.
പാര്‍ട്ടിയുടെ പതാകയും ഗുലാം നബി പുറത്തിറക്കി. ത്രിവര്‍ണ പതാകയാണ് പാര്‍ട്ടിയുടേത്. പതാകയിലെ മഞ്ഞയും തവിട്ടും കലര്‍ന്ന നിറം നാനാത്വത്തിലെ ഏകത്വവും വെള്ള സമാധാനത്തേയും നീല നിറം സ്വാതന്ത്ര്യത്തേയും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
ഉര്‍ദുവിലും സംസ്‌കൃതത്തിലുമൊക്കെയായി 1500 ഓളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി ലഭിച്ചതെന്ന് ഗുലാം നബി പറഞ്ഞു. ജനാധിപത്യം, സമാധാനം, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ പേരാണ് തങ്ങള്‍ ആഗ്രഹിച്ചത്.
പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുകയെന്നതാണ് ഇനി പ്രധാന മുന്‍ഗണന. തെരഞ്ഞെടുപ്പ് ഏതു നിമിഷവും ഉണ്ടായേക്കാം. രാഷ്ട്രീയ രംഗത്ത് ശക്തമായി ഉണ്ടാകുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അഞ്ച് പതിറ്റാണ്ടോളം നീളുന്ന തന്റെ കോണ്‍ഗ്രസ് ബന്ധം ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 നാണ് ആസാദ് അവസാനിപ്പിച്ചത്.
2014 മുതല്‍ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. അഞ്ച് തവണ രാജ്യസഭാംഗമായും രണ്ട് തവണ ലോക്സഭാംഗമായും പ്രവര്‍ത്തിച്ച ഗുലാം നബി 2005 മുതല്‍ 2008 വരെ കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ നിന്നും വിരമിച്ച വേളയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചിരുന്നു.