മനാമ: ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റിന്‍ സന്ദർശന പരിപാടികളുടെ സമയക്രമ പട്ടികയും ലോഗോയും ആപ്തവാക്യവും ഉൾപ്പെടെ ഉള്ള കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. നവംബർ മൂന്ന് മുതൽ ആറ് വരെ തീയതികളിൽ ആണ് പാപ്പയുടെ ബഹ്റിനിലേക്കുള്ള അപ്പസ്തോലിക യാത്ര നിശ്ചയിച്ചിരിക്കുന്നത് .
'കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിനായി' എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മാർപാപ്പ ബഹ്റിനില്‍ എത്തുന്നത്. നവംബർ മൂന്ന്, നാല് തീയതികളിൽ നടക്കുന്ന ബഹ്റൈൻ ഫോറം ഫോർ ഡയലോഗ് പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലധികം മതനേതാക്കളും പങ്കെടുക്കും. ബഹ്റിന്‍ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്‍റെ ക്ഷണ പ്രകാരമാണ് സന്ദർശനം.

നവംബർ മൂന്നിന് രാവിലെ പ്രാദേശിക സമയം 9.30 ന് റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ നിന്നാണ് മാർപാപ്പ പുറപ്പെടുക. ബഹ്റിന്‍ നഗരമായ അവാലിയില്‍ വൈകുന്നേരം പ്രാദേശിക സമയം 4.45 ന് എത്തുന്ന അദ്ദേഹം തുടർന്ന് സഖീർ രാജകൊട്ടാരത്തില്‍ ഹമദ് രാജാവിനെ സന്ദർശിക്കും. ബഹ്റിന്‍ അധികാരികള്‍, സിവില്‍ സൊസൈറ്റി, നയതന്ത്ര സേന അധികൃതർ എന്നിവരുമായി കൂടികാഴ്ച നടത്തും.
നവംബർ നാലിന് രാവിലെ ബഹ്റിന്‍ ഫോറം ഫോർ ഡയലോഗിന്‍റെ സമാപന സമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് അദ്ദേഹം അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുകയും തുടർന്ന് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യും.
അതിനുശേഷം അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ ഒരു എക്യുമെനിക്കൽ മീറ്റിംഗും സമാധാനത്തിനായുള്ള പ്രാർത്ഥനയും നടത്തിയശേഷം ഫ്രാൻസിസ് മാർപാപ്പ ബഹ്റിനിൽ താമസിക്കുന്ന ക്രൈസ്തവരുമായി സംവദിക്കും.
ശനിയാഴ്ച ഏകദേശം 1,61,000 വിശ്വാസികളുള്ള രാജ്യത്തെ കത്തോലിക്കർക്കായി രാവിലെ ബഹ്റിന്‍ നാഷണൽ സ്റ്റേഡിയത്തിൽ കുർബാനയും നടക്കും. ഉച്ചയ്ക്ക് സേക്രഡ് ഹാർട്ട് സ്‌കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും.
ഞായറാഴ്ച രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രാദേശിക ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ , എന്നിവരുമായുള്ള പ്രാർത്ഥനാ യോഗത്തോടെ ഔദ്യോഗിക പരിപാടികള്‍ പൂർത്തിയാകും. വൈകുന്നേരം 5 ന് മാർപാപ്പ റോമിലേക്ക് തിരിക്കും.

"ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം" എന്ന ദൈവവചനമാണ് അപ്പസ്തോലിക സന്ദർശനത്തിന്റെ ആപ്തവാക്യമെന്നും വത്തിക്കാൻ അറിയിച്ചു . ദൈവത്തിന് മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകൾക്ക് സമാനമായി ബഹ്റിന്റെയും വത്തിക്കാന്റെയും പതാകകൾ വരച്ചുചേർത്തിരിക്കുന്നതാണ് അപ്പസ്തോലിക യാത്രയുടെ ലോഗോ.
സമാധാനത്തിന്റെ അടയാളമായ ഒലിവിലയും ലോഗോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബഹ്റിന്‍ രാജ്യം കത്തോലിക്ക സഭയ്ക്ക് സമ്മാനിച്ച 'ഔവർ ലേഡി ഓഫ് അറേബ്യ' എന്ന പേരിലുള്ള കത്തീഡ്രലിനെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിച്ചിരിക്കുന്നതിന്റെ അടയാളമായി ഫ്രാൻസിസ് പാപ്പയുടെ പേര് നീല നിറത്തിലാണ് എഴുതിയിരിക്കുന്നത്.