മാഡ്രിഡ്: ഈ വർഷത്തെ ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമക്ക്. ബാഴ്സലോണയുടെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി, മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡിബ്രൂയിൻ, ബയേൺ മ്യൂണിക്കിന്റെ സെനഗൽ താരം സാദിയോ മാനെ എന്നിവരെ പിന്തള്ളിയാണ് ബെൻസേമ ജേതാവായത്.
മികച്ച വനിത താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസ് തുടർച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. അഡ ഹെഗർബർഗ്, ബെത്ത് മീഡ്, ലൂസി ബ്രോൺസ് തുടങ്ങിയവരെ പിന്നിലാക്കിയാണ് പുട്ടെല്ലാസ് മികച്ച വനിത താരമായത്. ചാമ്പ്യൻസ് ലീഗിലെ 10 മത്സരങ്ങളിൽ 11 ഗോളുകളാണ് ബാഴ്സ ക്യാപ്റ്റൻ അടിച്ചു കൂട്ടിയത്.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സലോണയുടെ സെൻട്രൽ മിഡ്ഫീൽഡർ ഗാവി സ്വന്തമാക്കി. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വാർഡൊ കമവിംഗ, ബയേൺ മ്യൂണിക്കിന്റെ ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ജമാൽ മുസിയാല എന്നിവരെ പിന്നിലാക്കിയാണ് സ്‍പെയിനിൽനിന്നുള്ള 18കാരൻ ജേതാവായത്.
മികച്ച സ്ട്രൈക്കർക്കുള്ള ഗേർഡ് മുള്ളർ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും റോബർട്ട് ലെവൻഡോസ്കി സ്വന്തമാക്കിയപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരത്തിന് റയൽ മാഡ്രിഡിന്റെ ബെൽജിയൻ ഗോൾകീപ്പർ തിബോ കുർട്ടോ അർഹനായി.
മികച്ച ക്ലബിനുള്ള പുരസ്കാരം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ലിവർപൂൾ രണ്ടാമതും റയൽ മാഡ്രിഡ് മൂന്നാമതുമെത്തി.