അയർലന്റിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് അപ്രതീക്ഷിത മരണം

അയർലന്റിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് അപ്രതീക്ഷിത മരണം

ഡബ്ലിൻ: അയർലന്റിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് അപ്രതീക്ഷിത മരണം. കെറ്ററിംങ് എൻഎച്ച്എസ് ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന മാര്‍ട്ടിന ചാക്കോ (40) അയര്‍ലന്റിലെ പോര്‍ട്ട് ലീഷ് ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന ദേവി പ്രഭ (38) എന്നിവരാണ് മരിച്ചത്.

കെറ്ററിങ്ങില്‍ കുടുംബസമേതം താമസിച്ചിരുന്ന മാര്‍ട്ടിന ചാക്കോ കാൻസറിനെ തുടർന്നാണ് മരിച്ചത്. കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനായും കുടുംബവും. കോഴിക്കോട്, പുതുപ്പാടി അടിയാപ്പള്ളില്‍ ജോസ് - ഗ്രേസി ദമ്പതികളുടെ മകളായ മാര്‍ട്ടിന നമ്പിയാമഠത്തില്‍ കുടുംബാംഗമാണ്.

മൂന്ന് വര്‍ഷത്തോളമായി കാന്‍സര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മാര്‍ട്ടിന. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയായിരുന്നു മരണം ഉണ്ടായത്. കോട്ടയം മാഞ്ഞൂര്‍ സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. നേഹ, ഒലീവിയ, ഓസ്റ്റിന്‍, ഏബല്‍ എന്നിവരാണ് മക്കൾ.

2006ല്‍ യുകെയിലെ ചിസ്‌ചെസ്റ്ററില്‍ ജോലി ആരംഭിച്ച് 2010ല്‍ ആണ് കെറ്ററിങ് ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയ പ്രവേശിച്ചത്. കെറ്ററിങ്ങ് സെഹിയോന്‍ മിനിസ്ട്രി, മലയാളി അസോസിയേഷന്‍ എന്നിവിടങ്ങളിലെ നിറസാന്നിധ്യവും ആയിരുന്നു മാര്‍ട്ടീന.

സെന്റ് ഫൗസ്റ്റീന മിഷന്‍ ഡയറക്ടര്‍ ഫാ. എബിന്‍, സെന്റ് ജൂഡ് ക്‌നാനായ മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ജിന്‍സ് എന്നിവര്‍ ഭവനത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. സംസ്കാര ശുശൂഷകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

രക്തത്തിലെ അണുബാധയെ തുടർന്ന് ടുള്ളമോര്‍ ഹോസ്പിറ്റലില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന ദേവിപ്രഭ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതും രോഗം ഗുരുതരമാക്കി.

അസുഖം മൂർച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ദേവപ്രഭയെ പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം. കോട്ടയം സ്വദേശിനിയാണ്. ശ്രീരാജ് ആണ് ഭർത്താവ്. ശിവാനി, വാണി എന്നിവരാണ് മക്കള്‍.

പോര്‍ട്ട് ലീഷ് ഹോസ്പിറ്റലില്‍ നിയമനം കിട്ടിയതിനെ തുടര്‍ന്ന് രണ്ട് വർഷം മുൻപാണ് ദേവിപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേക്ക് മാറി താമസിച്ചത്. മൃതദേഹം വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്. സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്താന്‍ ആണ് തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.