തിരുവനന്തപുരം: കേരളത്തിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച അഞ്ച് മണിക്കൂർ വിമാന സർവീസുകൾ നിർത്തി വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്രയ്ക്ക് മുന്നോടിയായാണ് ഇതെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
ഔദ്യോഗിക പ്രസ്താവന ഇപ്രകാരം ; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലൂടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം അൽപശി ആറാട്ട് ഘോഷയാത്രയ്ക്കായി നവംബർ ഒന്നിന് വൈകീട്ട് നാലുമുതല്‍ മുതൽ 9 മണിവരെ 5 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കും. ഈ കാലയളവില്‍ ആഭ്യന്തര, അന്തർദേശീയ സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയർലൈനുകളിൽ നിന്ന് ലഭിക്കും.
മാർച്ച് ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന പംഗുനി ഉത്സവത്തിനും ഒക്ടോബർ നവംബർ മാസങ്ങളിലെ അല്പശി ആറാട്ടിനും ഉള്‍പ്പടെ വർഷത്തില്‍ രണ്ട് തവണയാണ് ഇത്തരത്തിലുളള പുനക്രമീകരണം നടക്കാറുളളത്.