പകരക്കാരുടെ ധീരതയില്‍ സമുറായ്മാ‍ർ, ജ‍ർമ്മനിക്ക് അർജന്‍റീനയുടെ വിധി

പകരക്കാരുടെ ധീരതയില്‍ സമുറായ്മാ‍ർ, ജ‍ർമ്മനിക്ക് അർജന്‍റീനയുടെ വിധി

കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന്‍റെ അപമാനം മറികടക്കാനെത്തിയ ജർമ്മനിയുടെ പാളയത്തിലേക്ക് ജാപ്പനീസ് സാമുറായ് മാരുടെ ധീരോത്തമായ പടയോട്ടം. പകരക്കാരായ റിറ്റ്സു ഡൊവാന്‍, ടാകുമാ അസാനോ എന്നിവരുടെ മികവിലാണ് ജപ്പാന്‍ രണ്ട് ഗോളുകള്‍ നേടി അവിസ്മരീണയ വിജയം ഉറപ്പിച്ചത്. 1990 ലെ ലോകകപ്പില്‍ പകരക്കാരനായി ഇറങ്ങി ഇറ്റലിക്ക് വേണ്ടി ഗോളുകള്‍ നേടുകയും ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി  തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സ്കിലാച്ചിയുടെ പാതയിലാണ് ഇരുവരുമെന്ന് പറയാം. പകരക്കാരായി കളത്തിലിറങ്ങി ഗോളുകള്‍ നേടുകമാത്രമല്ല രണ്ടാം പകുതിയിലെ ജപ്പാന്‍റെ നീക്കങ്ങള്‍ ഏകോപിപ്പിക്കാനും ഇരുവർക്കും സാധിച്ചു. എന്നാല്‍ ജർമ്മനിയുടെ നിരയില്‍ ഗോള്‍ നേടിയ ഗുണ്ടോകിനേയും സ്റ്റാർ ഫോർവേഡ് മുളളറേയും പിന്‍വലിച്ച് പരിശീലകന്‍ നടത്തിയ നീക്കമാകട്ടെ ഫലം കണ്ടതുമില്ല.

ആദ്യപകുതിയില്‍ ശരാശരിയിലും താഴെയുളള പ്രകടനം കാഴ്ചവച്ച ജപ്പാന്‍ രണ്ടാം പകുതിയില്‍ പുറത്തെടുത്തത് ഉജ്ജ്വലമായ പോരാട്ടവീര്യമാണ്. സബ്സ്റ്റിറ്റ്യൂഷന് ശേഷം ഏത് നിമിഷവും ഗോള്‍ നേടാമെന്ന പ്രതീതി ജനിപ്പിക്കാന്‍ ജപ്പാന് സാധിച്ചു. എന്നാല്‍ കളിമികവിലും പന്തടക്കത്തിലും പന്ത് കൈവശം വയ്ക്കുന്ന കാര്യത്തിലും പാസിംഗിന്‍റെ എണ്ണത്തിലും അതിന്‍റെ കൃത്യതയിലും ബഹുദൂരം മുന്നില്‍ നിന്നിട്ടും പെനാല്‍റ്റിയിലൂടെ നേടിയ ഗോള്‍ അല്ലാതെ ഒരു ഫീല്‍ഡ് ഗോള്‍ നേടാന്‍ പോലും ജർമ്മനിയ്ക്ക് സാധിച്ചില്ല. ജർമ്മനി എതിരാളികളെ നിസാരമായി എടുത്തുവെന്ന വ്യാഖ്യാനം കളി വിശകലനങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരം വിലയിരുത്തലുകള്‍ ജപ്പാനോട് കാണിക്കുന്ന നീതികേടാണ്. ഒരു ഏഷ്യന്‍ രാജ്യത്തിന്‍റെ പോരാട്ടത്തേയും വിജയത്തേയും അംഗീകരിക്കാനുളള വൈമനസ്യം എതിർക്കപ്പെടേണ്ടതാണ്. എന്നാല്‍ ജർമ്മനിയെ കുറിച്ച് ഫുട്ബോള്‍ ലോകത്തുളള ഒരു ധാരണയുണ്ട്. എത്ര ഗോളുകള്‍ക്ക് പിന്നില്‍ നിന്നാലും തിരിച്ചടിച്ച് വിജയം നേടാനുളള ഒരു ജനിതക പ്രത്യേകത ജർമ്മനിക്കുണ്ട് എന്നതാണ് അത്. അത് അവർ പലവട്ടം ലോകകപ്പ് പോലുളള മഹാമേളകളില്‍ തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ നാല് പ്രാവശ്യം ലോകചാമ്പ്യന്മാരായ ജർമ്മനിയുടെ തിരിച്ചുവരവിനുളള മികവ് എവിടെപ്പോയി എന്നതാണ് ആരാധകർ ചോദിക്കുന്നത്.

ഏഷ്യന്‍ രാജ്യമായ സൗദി അറേബ്യ അർജന്‍റീനയെ തറപറ്റിച്ച് തുടങ്ങിയ വിജയഗാഥ മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഏറ്റെടുക്കുന്നതാണ് കാണുന്നത്. പൊതുവെ ഏഷ്യന്‍ രാജ്യങ്ങളെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്ന യൂറോപ്യന്‍ -ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മേധാവിത്വത്തിനുളള ഒരു തിരിച്ചടിയായി കൂടി ഈ വിജയം മാറുകയാണ്.അട്ടിമറികളുടെ പരമ്പര തുടരുമോ, ഇനിയുളള മത്സരങ്ങളും ഏഷ്യന്‍ രാജ്യങ്ങളുടെ മികവിന്‍റെ കളിയിടമായി മാറുമോ, കാത്തിരുന്ന് കാണാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.