ഐതിഹാസികമായ തന്‍റെ കളി ജീവിതത്തിന് മകുടം ചാർത്താന്‍ ലോക കപ്പ് ഫുട്ബോള്‍ കിരീടം എന്ന ഒറ്റ ലക്ഷ്യത്തിൽ ഖത്തറിലെത്തിയ അർജന്‍റീനിയന്‍ നായകന്‍ ലയണല്‍ മെസിക്കും സംഘത്തിനും ആദ്യ മുറിവ്. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ കണ്ടെത്താന്‍ അർജന്‍റീനയ്ക്ക് സാധിച്ചുവെങ്കിലും സൗദി അറേബ്യയുടെ തന്ത്രപരമായ ഓഫ് സൈഡ് കുരുക്കില്‍ കുടുങ്ങി അർജന്‍റീനയുടെ ഗോള്‍ അവസരങ്ങളെല്ലാം നഷ്ടമായി. പെനാല്‍റ്റിയിലൂടെ മെസി നേടിയ ഏക ഗോളാണ് ഈ മത്സരത്തില്‍ അർജന്‍റീന സ്വന്തമാക്കിയത്.
മൂന്നു ഗോളുകള്‍ ഓഫ് സൈഡ് കെണിയില്‍ കുരുങ്ങി ഗോളാകാതെ പോയി. 22–ാമത്തെ മിനിറ്റില്‍ മെസി നേടിയ ഗോള്‍ ഓഫ് സൈഡ് വിധിച്ചു. സൂക്ഷ്മ പരിശോധനയില്‍ മെസിയുടെ തോള്‍ മാത്രമാണ് ഓഫ് സൈഡ് കെണിയിലുണ്ടായിരുന്നതെന്ന് ബോധ്യമായി. സമാനമായ തന്ത്രം പിന്നീടും സൗദി അറേബ്യ സ്വീകരിച്ചു. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പന്തുകള്‍ പാസ് ചെയ്യുന്ന കാര്യത്തിലും മുന്നേറ്റത്തിലും സൗദി അറേബ്യയേക്കാള്‍ ഏറെ മുന്നിലായിരുന്നു അർജന്‍റീന. എന്നാല്‍ രണ്ടാം പകുതിയില്‍ കേളീ ശൈലിയില്‍ വലിയ മാറ്റം വരുത്തിയ സൗദി അറേബ്യയെ ആണ് കാണാന്‍ കഴിഞ്ഞത്. ആദ്യ പകുതിയില്‍ പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സൗദി അറേബ്യ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ആ രീതി തന്നെയാണ് ഫലവത്തായതും. അഞ്ചു മിനിറ്റിനുളളില്‍ രണ്ട് ഗോളുകള്‍ നേടി അർജന്‍റീനയെ പൂർണമായും പ്രതിരോധത്തിലാക്കാന്‍ സൗദി അറേബ്യയ്ക്ക് സാധിച്ചു. എന്നാല്‍ രണ്ട് ഗോളുകള്‍ വീണതിനു ശേഷം അർജന്‍റീന മികച്ച മുന്നേറ്റങ്ങള്‍, അതും ഒത്തിണക്കത്തോടെയുളള മുന്നേറ്റങ്ങളാണ് നടത്തിയതെങ്കിലും ഫിനിഷിംഗിലെ പോരായ്മ വലിയ തിരിച്ചടിയായി.
ലയണല്‍ മെസിയെ മിഡ് ഫീല്‍ഡിലേക്ക് മാറ്റി ഏക സ്ട്രൈക്കറെ വച്ച് കളിക്കാനുളള അർജന്‍റീനയുടെ തീരുമാനം എത്രത്തോളം ഗുണകരമായെന്ന് അർജന്‍റീനയുടെ പരിശീലകനും കോച്ചിംഗ് സ്റ്റാഫും ഒരു പക്ഷെ പുനരാലോചന നടത്തേണ്ടി വരും. ക്ലബ് ഫുട്ബോളില്‍ എപ്പോഴും അറ്റാക്കിംഗ് ഫോർവേഡിന്‍റെ സ്ഥാനത്ത് കളിച്ചിരുന്ന ലയണല്‍ മെസി ദേശീയ ഫുട്ബോള്‍ ടീമിനുവേണ്ടി കളിക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ പൊസിഷന്‍ മാറുന്നത് ഗുണകരമായിട്ടുണ്ടോയെന്നുളള ചിന്തയും ഒരു പക്ഷെ ആരാധകർക്കിടയില്‍ ഉയരുന്നുണ്ടാകും. എങ്കിലും ലയണല്‍ മെസിയും എയ്ഞ്ചല്‍ ഡി മരിയയും, കഠിനാധ്വാനം ചെയ്ത് അർജന്‍റീനയ്ക്കു വേണ്ടി കളിച്ചു. അവസാനത്തെ പത്ത് മിനിറ്റ് നേരം തിരമാല കണക്കെ സൗദി അറേബ്യയുടെ ഗോള്‍ മുഖത്തേക്ക് അർജന്‍റീനയുടെ ആക്രമണ പരമ്പരയായിരുന്നു. കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരുന്നതിന് സൗദി അറേബ്യ കടപ്പെട്ടിരിക്കുന്നത് ഗോള്‍ കീപ്പറോടാണ്.
മേധാവിത്വം ലഭിച്ചതിനു ശേഷം സൗദി അറേബ്യന്‍ താരങ്ങള്‍ ധാരാളമായി മഞ്ഞക്കാർഡുകള്‍ കാണേണ്ട സ്ഥിതി വന്നു. ഗോള്‍ കീപ്പർക്കു പോലും മഞ്ഞക്കാർഡ് കാണേണ്ട സ്ഥിതിയുണ്ടായി. എപ്പോഴും സമചിത്തതയോടെ, ആത്മസംയമനത്തോടെ കളിക്കേണ്ട ടീമുകളാണ് ലോക കപ്പിലെത്തേണ്ടത്. സൗദി അറേബ്യയ്ക്ക് ഇത് മുന്നോട്ടുളള പ്രയാണത്തില്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. അർജന്‍റീനയെ സംബന്ധിച്ച് ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പ്രീക്വാർട്ടർ ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ഇനിയുളള രണ്ട് മത്സരങ്ങളും നിർബന്ധമായും വിജയിച്ചേ മതിയാകൂ. മെക്സിക്കോ, പോളണ്ട് എന്നീ രണ്ട് പ്രബല ടീമുകളാണ് ഗ്രൂപ്പില്‍ ഇനി അവശേഷിക്കുന്നത്. ആ രണ്ട് മത്സരങ്ങളും അർജന്‍റീന മികച്ച മാർജിനില്‍ വിജയിച്ചാലും സൗദി അറേബ്യയുടെ ഇനിയുളള മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചാകും അർജന്‍റീനയ്ക്ക് ഈ ഗ്രൂപ്പില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ എന്നതാണ് ഏറ്റവും വലിയ വസ്തുത.
അർജന്‍റീനയുടെ ഫുട്ബോള്‍ ആരാധകർക്ക് ഇത് കണ്ണുനീരിന്‍റെ ദിവസമായിരുന്നുവെങ്കില്‍ സൗദി അറേബ്യയ്ക്ക് ഇത് അഭിമാന നിമിഷമാണ്. ആദ്യമായി ഒരു അറബ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ലോക കപ്പ് ഫുട്ബോള്‍ ടൂർണമെന്‍റില്‍ ഒരു ജിസിസി രാജ്യത്തിന് അർജന്‍റീനയെ പോലുളള, രണ്ട് പ്രാവശ്യം ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുളള ടീമിനെ മറികടക്കാന്‍ സാധിച്ചുവെന്നുളളത് ചെറിയ കാര്യമല്ല. ഏഷ്യന്‍ ഫുട്ബോളിന് ഇത് നല്‍കുന്ന ഉണർവ്വും ചെറുതല്ല. എന്നാല്‍ തോൽവി കൊണ്ടു തുടങ്ങിയെങ്കിലും, വാമോസ് അർജന്‍റീനയെന്ന ആരവത്തിനൊപ്പമുയരാന്‍ ടീം തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അർജന്‍റീനിയന്‍ ആരാധകർ.
