അബുദബി: ഇന്ത്യയും യുഎഇയും തമ്മിലുളള ഉഭയകക്ഷി ബന്ധത്തെ പ്രശംസിച്ച് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യക്കും യുഎഇക്കും പരസ്പരം സുഗമമായി സഹകരിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണമായെന്ന് അദ്ദേഹം വിലയിരുത്തി. അബുദാബിയിൽ നടക്കുന്ന ഇന്ത്യ ഗ്ലോബൽ ഫോറം യുഎഇയുടെ രണ്ടാം പതിപ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് ഒരു പാരമ്പര്യമുണ്ട്, ആ ബന്ധത്തിന് ആത്മവിശ്വാസവുമുണ്ട്. ഇനിയും ദീർഘ കാലം മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഇന്ന് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയുമാണെന്ന് ചൂണ്ടിക്കാട്ടി, വിദേശത്തുള്ള മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഇന്ത്യൻ പൗരന്മാർ യുഎഇയിലാണ് താമസിക്കുന്നത് എന്നത് ബന്ധങ്ങളെ കൂടുതൽ സവിശേഷമാക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു.