ന്യൂഡല്‍ഹി: ലോകകപ്പ് ആവേശത്തിനിടെ ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാസ്ബുക്ക്. ഫിഫ ലോകകപ്പ് 2022ലെ വിജയിയെ അറിയാന്‍ ഒരു ദിവസം മാത്രം ശേഷിക്കേയാണ് എസ്ബിഐയുടെ പാസ്ബുക്കിനെ ലോകകപ്പിനൊപ്പം ചേര്‍ത്തു വായിക്കുന്നത്.
പാസ്ബുക്ക് കവറിന്റെ നിറങ്ങള്‍ അര്‍ജന്റീനയുടെ പതാകയോടും ജേഴ്സിയോടുമൊപ്പം സാദൃശപ്പെടുത്തിയാണ് ആരാധകര്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തെ വരവേല്‍ക്കുന്നത്. ദശലക്ഷക്കണക്കിന് ആരാധകരാണ് മെസിയേയും അര്‍ജന്റീനയേയും ഇന്ത്യയില്‍ നിന്നും പിന്തുണയ്ക്കുന്നത് എന്നുള്ളത് തന്നെയാണ് ഇതിന് കാരണം. രാജ്യത്തെ പ്രധാന ബാങ്കുകളില്‍ ഒന്നായ എസ്ബിഐ തങ്ങളുടെ പാസ്ബുക്കിലൂടെ ഇന്ത്യയുടെ വികാരമാണ് പ്രകടമാക്കുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് അര്‍ജന്റീന പരാജയപ്പെട്ടാല്‍ അത് എസ്ബിഐയില്‍ നിക്ഷേപിച്ച പണം മുഴുവന്‍ നഷ്ടമാകുന്ന അതേ വേദനയാണ് സമ്മാനിക്കുകയെന്ന രസകരമായ കമന്റുകളും ട്വിറ്ററില്‍ ഉയരുന്നു. ലോകകപ്പില്‍ ഇന്ത്യക്കാരുടെ മനസിനെയാണ് എസ്ബിഐ പാസ്ബുക്ക് പ്രതിനിധീകരിക്കുന്നതെന്നും അര്‍ജന്റീന ആരാധകര്‍ പറയുന്നു.