എല്ലാ ദിവസവും പ്രാദേശിക സമയം രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ സൈനിക നടപടികള്‍ നിര്‍ത്തി വെയ്ക്കും
ടെല്‍ അവീവ്: ഗാസയിലെ ജനവാസമുള്ള മൂന്ന് പ്രദേശങ്ങളിലെ സൈനിക നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേല്‍. ദിവസവും 10 മണിക്കൂര്‍ പോരാട്ടം നിര്‍ത്തിവെക്കുമെന്നും ദുരിതത്തിലായ പാലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനായി സുരക്ഷിത പാതകള്‍ തുറക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു. മേഖലയിലെ വര്‍ധിച്ചുവരുന്ന പട്ടിണി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സൈന്യം വ്യക്തമാക്കി.
ജനവാസം കൂടിയ മേഖലകളായ ഗാസ സിറ്റി, ദെയ്ര് അല്‍-ബല, മുവാസി എന്നീ മൂന്ന് പ്രദേശങ്ങളിലായിരിക്കും ഇളവ് അനുവദിക്കുക. ജൂലൈ 27 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും പ്രാദേശിക സമയം രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30 മുതല്‍ രാത്രി 10:30 വരെ) സൈനിക നടപടികള്‍ നിര്‍ത്തി വെയ്ക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു.
ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇസ്രയേല്‍ സൈന്യം നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ഈ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഗാസയിലുടനീളമുള്ള ആളുകള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ ഏജന്‍സികളെ സഹായിക്കുന്നതിന് സുരക്ഷിതമായ വഴികള്‍ നിശ്ചയിക്കുമെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ തങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ ഹമാസ് അവരുടെ ഭരണം ശക്തിപ്പെടുത്തുന്നതിനായി തട്ടിയെടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് ഗാസയില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമീപ ദിവസങ്ങളില്‍ ഗാസയില്‍ നിന്ന് പുറത്തുവന്ന മെലിഞ്ഞുണങ്ങിയ കുട്ടികളുടെ ചിത്രങ്ങള്‍ ഇസ്രയേലിനെതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേലിന്റെ പുതിയ തീരുമാനം.