അമേരിക്കയും യുറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ വ്യാപാര കരാര്‍; കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ

അമേരിക്കയും യുറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ വ്യാപാര കരാര്‍; കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ

എഡിൻബർഗ്: നാല് മാസത്തെ ചര്‍ച്ചകള്‍ക്കും അമിത തീരുവ ഭീഷണികള്‍ക്കും ഒടുവില്‍ യുഎസും യൂറോപ്യന്‍ യൂണിയനും വ്യാപാര കരാറില്‍ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ കമീഷൻ മേധാവി ഉർസുല വോൻഡെർ ലെയനും തമ്മിൽ സ്കോട്ട്‍ലൻഡിൽ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.

കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവയാകും ഏര്‍പ്പെടുത്തുക. നേരത്തെ യൂറോപ്യന്‍ യൂണിയനുള്ള തീരുവ 50 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീടത് 30 ശതമാനമാക്കി കുറയ്ക്കുകയും ഓഗസ്റ്റ് ഒന്നിന് തീരുമാനം നടപ്പാക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും മറുപടി നല്‍കിയതോടെയാണ് ചര്‍ച്ചയില്‍ സമവായത്തിലെത്തിയത്.

സ്കോട്ട്ലന്‍ഡിലെ അവധിയാഘോഷത്തിനിടെയാണ് ട്രംപ് ഉര്‍സുല ലെയനുമായി കൂടിക്കാഴ്ച നടത്തിയത്. 'ഞങ്ങളൊരു കരാറിലെത്തി' എന്നായിരുന്നു 40 മിനുറ്റ് കൂടിക്കാഴ്ചയ്ക്കു ശേഷം ഉര്‍സുല ലെയന്‍ ആദ്യം പ്രതികരിച്ചത്. ഇതൊരു വലിയ കരാറാണ്. വളരെ വലിയ കരാര്‍. അത് ഇരുപക്ഷത്തിനും സ്ഥിരതയും, പ്രവചനാത്മകതയും കൊണ്ടുവരും. രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മില്‍ മികച്ച വ്യാപാര പ്രവാഹം ഉണ്ടാകുമെന്നും ഉര്‍സുല ലെയന്‍ കൂട്ടിച്ചേര്‍ത്തു.

'മികച്ച തീരുമാനം ഇത് ഒരുപാട് കാര്യങ്ങള്‍ പരിഹരിക്കുന്നു'- എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യുഎസ് ഊർജ ഉത്പന്നങ്ങള്‍ക്കായി യൂറോപ്യൻ യൂണിയൻ പതിനായിരക്കണക്കിന് ഡോളർ കൂടുതൽ ചെലവഴിക്കാൻ സമ്മതിച്ച കരാറിനെ 'ശക്തമായൊരു കരാര്‍' എന്നും 'സുപ്രധാന' പങ്കാളിത്തം എന്നും ട്രംപ് വിശേഷിപ്പിച്ചു. യുഎസില്‍ നിന്ന് 75,000 കോടി ഡോളറിന്റെ ഊർജം വാങ്ങാനും 60,000 കോടി ഡോളർ നിക്ഷേപിക്കാനും യൂറോപ്യൻ യൂണിയൻ സമ്മതിച്ചതായും ട്രംപ് പറഞ്ഞു.

ഇരു പക്ഷവും തമ്മിലുള്ള കയറ്റുമതിയും ഇറക്കുമതിയും വർധിക്കാനും കൂടുതൽ തൊഴിലവസരങ്ങൾക്കും കരാർ സഹായകമാവുമെന്നാണ് പ്രതീക്ഷ. കെമിക്കല്‍, എയര്‍ക്രാഫ്റ്റുകള്‍, എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, മരുന്നുകള്‍ എന്നിവയ്ക്ക് പുതിയ തീരുവ ബാധകമല്ല. പ്രതിവർഷം ശരാശരി 1.97 ട്രില്യണ്‍ ഡോളർ മതിക്കുന്ന വ്യാപാരബന്ധമാണ് യുഎസും യൂറോപ്യൻ യൂണിയനും തമ്മിലുള്ളത്.

തീരുവയെ ചൊല്ലി ഇരുപക്ഷവും തമ്മിലിടഞ്ഞത് ലോകവിപണിയില്‍ കടുത്ത ആശങ്കയും സൃഷ്ടിച്ചിരുന്നു. പുതിയ കരാറിനെ ജർമനി, നെതർലൻഡ്, ഇറ്റലി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.