ദോഹ: ഞായറാഴ്ച ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച ടീമിനൊപ്പമുള്ള പരിശീലനം മെസി ഒഴിവാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ മിററാണ് താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് സംശയം ഉന്നയിച്ചത്. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിന് ശേഷം പേശീവലിവ് ബാധിച്ചതു പോലെയാണ് മെസി ഡ്രസ്സിങ് റൂമിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഖത്തര്‍ ലോകകപ്പില്‍ ഇതിനോടകം അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി മിന്നും ഫോമിലാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയ താരമായ മെസി. ഫ്രാന്‍സിനെതിരേ അര്‍ജന്റീന ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ ഈ കുറിയ മനുഷ്യനിലാണ്. അവരുടെ ചങ്കിടിപ്പേറ്റുന്ന വാര്‍ത്തയാണിത്.