ബെംഗളൂരു: കാഴ്ചപരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കലാശപ്പോരില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ തുടർച്ചയായി മൂന്നാമതും കപ്പിൽ മുത്തമിട്ടത്. ശനിയാഴ്ച നടന്ന ഫൈനലില്‍ 120 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 277 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ നേടാനായത് 157 റണ്‍സ് മാത്രം.
ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് മാറ്റുരച്ചത്. നേരത്തെ 2012-ലും 2017-ലും ഇന്ത്യയ്ക്കായിരുന്നു കിരീടം.
രാജ്യത്ത്ആറ് വേദികളിലായിരുന്നു മത്സരം. കേരളത്തിലെ വേദി കളമശ്ശേരിയിലെ സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു. ഇവിടെ നടക്കാൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക മഴ മൂലം ഉപേക്ഷിച്ചിരുന്നു.