ഒമാനില്‍ വാറ്റ് വ‍ർദ്ധിപ്പിക്കില്ല

ഒമാനില്‍ വാറ്റ് വ‍ർദ്ധിപ്പിക്കില്ല

മസ്കറ്റ്: ഒമാനില്‍ 2023 ല്‍ മൂല്യവർദ്ധിത നികുതി (വാറ്റ്) വ‍ർദ്ധിപ്പിക്കില്ലെന്ന് അധികൃതർ.ഉയർന്ന ശമ്പളമുള്ള വ്യക്തികൾക്ക് 2023-ൽ ആദായനികുതി ചുമത്താനോ മൂല്യവർധിത നികുതി (വാറ്റ്) 5 ശതമാനത്തിനപ്പുറം ഉയർത്താനോ സർക്കാർ പദ്ധതിയിടുന്നില്ലെന്ന് ധനമന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി പറഞ്ഞു.
എനർജി ഡെവലപ്‌മെന്‍റ് ഒമാന്‍റെ മാതൃകയിൽ പ്രവർത്തിക്കുന്ന ഇന്‍റഗ്രേറ്റഡ് നാച്ചുറൽ ഗ്യാസ് കമ്പനിയുടെ സ്ഥാപനം പരിഗണനയിലാണ്. 2023 ലെ ബജറ്റില്‍ പൊതുചെലവ് 7 ശതമാനം ഉയരും. ഇത് പ്രകാരം 12.950 ബില്ല്യണ്‍ ഒമാന്‍ റിയാലായിരിക്കും മൊത്തം ചെലവഴിക്കല്‍. അതായത് മൊത്ത വരുമാനത്തിന്‍റെ 11 ശതമാനവും ജിഡിപിയുടെ 3 ശതമാനവും വരുമിത്.

ബജറ്റ് തയ്യാറാക്കുമ്പോൾ ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ പരിഗണിച്ചിട്ടുണ്ടെന്ന് അൽ ഹബ്സി പറഞ്ഞു. എണ്ണവിലയിലുണ്ടായ അധിക നേട്ടം പൊതുകടം വെട്ടിക്കുറയ്ക്കാൻ ഒമാൻ ഉപയോഗപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പൊതു കടം 2020 ൽ 70 ശതമാനത്തിൽ നിന്ന് 2022 ൽ 43 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.പണപ്പെരുപ്പം മൂന്ന് ശതമാനത്തില്‍ കൂടാതെ നിലനി‍ർത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

2022ൽ മൊത്തം സബ്‌സിഡി 1.6 ബില്യൺ റിയാലാണ്. ബജറ്റിൽ എണ്ണ വില ബാരലിന് 55 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തലെങ്കിലും ഒമാന്‍റെ എണ്ണ-എണ്ണ ഇതര പ്രവർത്തനങ്ങളില്‍ അഞ്ച് ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്.

വിവിധ ഗവർണറേറ്റുകളിലായി 15 സ്‌കൂളുകളുടെ നിർമാണം, ചില വിലായത്തുകളിൽ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണം, സർവീസ് റോഡുകൾ, പ്രകൃതിദത്ത പാർക്കുകൾ, അണക്കെട്ടുകൾ എന്നിവ നടപ്പാക്കൽ, മത്സ്യബന്ധന തുറമുഖം സ്ഥാപിക്കല്‍ എന്നിവയാണ് 2023ലെ ഏറ്റവും പ്രധാനപ്പെട്ട പുതിയ പദ്ധതികളെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

ഒമാൻ ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി 2023-ൽ ബിസിനസ് സംരംഭങ്ങൾക്കായി 1.9 ബില്യൺ ഒമാന്‍ റിയാല്‍ ചെലവഴിക്കും. നിലവിലുള്ള പദ്ധതികള്‍ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, നിർമ്മാണത്തിലിരിക്കുന്ന പദ്ധതികള്‍ പൂർത്തിയാക്കുക, പുതിയ പദ്ധതികള്‍ വികസിപ്പിക്കുക എന്നിവ ഉൾപ്പെടെയാണ് നടപ്പിലാക്കുക.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് 17 ശതമാനത്തിനും 100 ശതമാനത്തിനും ഇടയില്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ദേശീയ സമ്പദ്ഘടനയെ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഗുണഭോക്താക്കള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമാകുമെന്നും അദ്ദേഹം വിശദീകരിച്ചു..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.