ന്യൂഡല്‍ഹി: ഇതിഹാസ താരം ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്ലെന്ന വാര്‍ത്ത ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കിയെങ്കിലും മറ്റൊരു സന്തോഷ വാര്‍ത്ത ഇപ്പോഴെത്തുന്നു.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തിയേക്കുമെന്നാണ് പുതിയ വാര്‍ത്ത. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കളിക്കാനാണ് റൊണാള്‍ഡോ ഇന്ത്യയിലെത്തുക.
വെള്ളിയാഴ്ച മലേഷ്യയിലെ ക്വലാലംപുരില്‍ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പില്‍ റൊണാള്‍ഡോയുടെ ക്ലബ്ബായ സൗദിയിലെ അല്‍ നസറും എഫ്.സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്.
ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. അതിനാല്‍ തന്നെ എഫ്.സി ഗോവയ്ക്കെതിരേ ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തിയേക്കും. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.
ചാമ്പ്യന്‍സ് ലീഗിന്റെ പശ്ചിമ മേഖലയിലെ 16 ടീമുകളെയാണ് നാല് ഗ്രൂപ്പുകളായി തിരിക്കുന്നത്. ഇതില്‍ പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അല്‍ നസര്‍, പോട്ട് മൂന്നില്‍ ബഗാനും നാലില്‍ ഗോവയും. ഇന്ന് നടന്ന നറുക്കെടുപ്പില്‍ അല്‍ നസറും എഫ്.സി ഗോവയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുകയായിരുന്നു.