അബുദാബി:കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ ബൂസ്റ്റർ എടുക്കണമെന്ന് ഡോക്ടർമാർ. യുഎഇയില്‍ ശൈത്യകാല അവധി ആരംഭിച്ചതോടെ യാത്രകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കിയത്.
നിലവില്‍ കോവിഡ് വാക്സിന്‍റെ 2, 3 ഡോസ് എടുത്തവർ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഒരു ഡോസുകൂടി എടുക്കണം. കോവിഡിന്‍റെ പുതിയ വകഭേദത്തില്‍ നിന്നും സുരക്ഷയെന്ന രീതിയിലാണ് വാക്സിന്‍റെ ഡോസ് എടുക്കാന്‍ നിർദ്ദേശിച്ചിട്ടുളളത്. ഇതോടെ പ്രതിരോധം ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ വാക്സിനേഷന്‍ കാർഡ് കൈയില്‍ കരുതണം. അതത് രാജ്യത്തെ വാക്സിനേഷന്‍ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കണമെന്നും നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു.