ക്രിസ്മസ് ആഘോഷിച്ച് പ്രവാസലോകവും

ക്രിസ്മസ് ആഘോഷിച്ച് പ്രവാസലോകവും

ദുബായ്: ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷിച്ച് പ്രവാസലോകവും. ശനിയാഴ്ച വൈകീട്ടും രാത്രിയും വിവിധ പളളികളില്‍ പ്രാ‍ർത്ഥനയും ക്രിസ്മസ് ശുശ്രൂഷയും നടന്നു. ക്രിസ്മസ് ദിനം പുലർച്ചെ മുതല്‍ രാത്രിവരെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളും പളളികളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ ഞായറാഴ്ചയാണ് ക്രിസമസ് എത്തിയത് എന്നുളളതുകൊണ്ടുതന്നെ കുടുംബങ്ങള്‍ക്കും കൂട്ടുകാർക്കും ഒത്തുചേരലിന്‍റെ ദിനം കൂടിയായി ക്രിസ്മസ്. യുഎഇയില്‍ വാരന്ത്യഅവധി ഞായറാഴ്ചയായതിന് ശേഷമെത്തിയ ആദ്യ ക്രിസ്മസ് ആണിത്.

ദുബായ് ഗ്ലോബല്‍ വില്ലേജിലും എക്സ്പോ സിറ്റിയിലും ക്രിസ്മസിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുളളത്. പടുകൂറ്റന്‍ ക്രിസ്മസ് ട്രീ ഒരുക്കിയാണ് പലരും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നുണ്ട്.
വിവിധ പളളികളുടെയും മലയാള കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ആഘോഷപരിപാടികളും ഒരുക്കിയിട്ടുണ്ട്. 


കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെയെത്തിയ ക്രിസ്മസിനെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. വിപണയും വിപുലമായ രീതിയിലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയത്. വിവിധ തരത്തിലുളള കേക്കുകളും ക്രിസ്മസ് വിഭവങ്ങളും വസ്ത്രവൈവിധ്യങ്ങളും സൂപ്പർ-ഹൈപ്പർ മാർക്കറ്റുകള്‍ ആഴ്ചകള്‍ക്ക് മുന്‍പെ സജ്ജമാക്കിയിരുന്നു. അവധിക്കാലമായതിനാല്‍ നാട്ടിലെ കുടുംബവുമൊത്ത് ആഘോഷിക്കാന്‍ പറന്നവരുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.