തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ ജല്ലിക്കട്ടിന് ഓസ്കർ എൻട്രി ലഭിച്ചു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. 2011ന് ശേഷം ആദ്യമായാണ് മലയാള സിനിമ ഓസ്‍കർ നോമിനേഷൻ നേടുന്നത്. ചിത്രത്തിന് ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍. ജയകുമാറും ചേർന്ന് തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്‌കാര്‍ എൻട്രി നേടിയത്. 2021 ഏപ്രിൽ 25നാണ് ഓസ്കർ പ്രഖ്യാപനം.
27 സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തെരഞ്ഞെടുത്തത്. ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്കര്‍ എന്‍ട്രി ലഭിച്ച ചിത്രം. 2011ല്‍ ആദാമിന്‍റെ മകന്‍ അബു എന്ന സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് ഓസ്കര്‍ എന്‍ട്രി ലഭിച്ചു.