ശ്രീലങ്കക്കെതിരെ കൂറ്റന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ശ്രീലങ്കക്കെതിരെ കൂറ്റന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

പൂനൈ: ശ്രീലങ്കക്കെതിരായ നിര്‍ണായകമായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് പരമ്പര. 91 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 229 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16.4 ഓവറുകളില്‍ 137 റണ്‍സിന് പോരാട്ടം അവസാനിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടായിരുന്നു ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 52 പന്തുകളില്‍ 112 റണ്‍സ് നേടിയ സൂര്യ, ഒമ്പത് സിക്‌സറുകളും ഏഴ് ഫോറുകളും അടിച്ചുപറത്തി.

ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് 2.4 ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഉമ്രാന്‍ മാലിക്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ലങ്കന്‍ നിരയില്‍ കുശാല്‍ മെന്‍ഡിസും (23), ദസന്‍ ശനകയും (23) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റണ്‍സാണ് നേടിയത്. 112 റണ്‍സ് നേടി പുറത്താവാതെ നിന്ന സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ ആയപ്പോള്‍ ശുഭ്മന്‍ ഗില്‍ (46), രാഹുല്‍ ത്രിപാഠി (35) എന്നിവരും തിളങ്ങി. പക്ഷെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഇഷാന്‍ കിഷന്‍ (ഒന്ന്) മടങ്ങുകയും രണ്ടാം ഓവര്‍ ശുഭ്മന്‍ ഗില്‍ മെയ്ഡനാക്കുകയും ചെയ്തതോടെ ഇന്ത്യ പതറി.

എന്നാല്‍, രണ്ടാം മത്സരത്തിനിറങ്ങിയ രാഹുല്‍ ത്രിപാഠി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 16 പന്തുകള്‍ നേരിട്ട് അഞ്ചു ബൗണ്ടറിയും രണ്ട് സിക്‌സറുകളും സഹിതം 35 റണ്‍സാണ് ത്രിപാഠി അടിച്ചുകൂട്ടിയത്. പവര്‍പ്ലേടെ അവസാന ഓവറില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 52. മൂന്നാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടുനയിച്ചു. 45 പന്തുകളില്‍ സൂര്യ ഫിഫ്റ്റി തികച്ചു. 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും പുറത്താവാതെ നിന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.