അജ്മാന്:യുഎഇയില്‍ ഇന്ധനവില വർദ്ധിപ്പിച്ചതിന് ആനുപാതികമായി അജ്മാനില്‍ ടാക്സി നിരക്കും വർദ്ധിപ്പിച്ചു. ഫെബ്രുവരിയില്‍ 1.83 ദിർഹമാണ് കിലോമീറ്ററിന് ഈടാക്കുന്നത്. കഴിഞ്ഞ മാസം ഇത് 1.78 ദിർഹമായിരുന്നു. യുഎഇയില്‍ ഈ മാസം ഇന്ധനവിലയില്‍ ലിറ്ററിന് 27 ഫില്‍സിന്റെ വർദ്ധനവാണ് ഉണ്ടായത്.
രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 27 ഫില്‍സിന്റെ വർദ്ധനവാണ് ഈ ഫെബ്രുവരിയില്‍ ഉണ്ടായിരിക്കുന്നത്. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ ഇന്ധനവില 52 ഫില്‍സ് താഴ്ന്നിരുന്നു. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 05 ഫില്‍സാണ് ഫെബ്രുവരിയിലെ വില. ജനുവരിയില്‍ ഇത് 2 ദിർഹം 78 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 93 ഫില്‍സാണ് ഫെബ്രുവരിയിലെ വില. ജനുവരിയില്‍ ഇത് 2 ദിർഹം 67 ഫില്‍സായിരുന്നു. ഇ പ്ലെസ് 91 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 86 ഫില്‍സാണ് നല്‍കേണ്ടത്. ജനുവരിയില്‍ ഇത് 2 ദിർഹം 59 ഫില്‍സായിരുന്നു.