അബുജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോക്കോ ഹറം തീവ്രവാദികള്‍ എന്നുകരുതുന്ന സംഘം നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചവരുടെ എണ്ണം 110 ആയി. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ത്രീകളെയും കുട്ടികളെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാടത്ത് വിളവെടുത്തുകൊണ്ടു നിന്ന ഗ്രാമവാസികള്‍ക്കുനേരെ മോട്ടോര്‍ സൈക്കിളില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. വിവരമറിഞ്ഞ് സൈന്യം സ്ഥലത്തെത്തിയപ്പഴേക്കും അക്രമികള്‍ പോയിക്കഴിഞ്ഞിരുന്നു.
നൈജീരിയയിലെ തീവ്രവാദി ഗ്രൂപ്പാണ് ബൊക്കോ ഹറം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മുപ്പതിനായിരത്തിലേറെപ്പേരാണ് ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനൊപ്പം ആയിരക്കണക്കിന് പട്ടാളക്കാരും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 800 പട്ടാളക്കാരാണ് തീവ്രവാദികളുടെ താേക്കിനിരയായത്. ദരിദ്രരാജ്യമായ നൈജീരിയയെ തീവ്രവാദികളുടെ ആക്രമണങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് തളളിവിട്ടുകൊണ്ടിരിക്കുകയാണ്. പട്ടിണിമൂലം മരിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്.
തീവ്രവാദികള്‍ അത്യന്താധുനിക ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ആവശ്യത്തിന് പണമില്ലാത്തിനാല്‍ സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ വാങ്ങാന്‍ പോലും രാജ്യത്തിനാവുന്നില്ല. ആവശ്യത്തിന് സൈനികരില്ലാത്തതും പ്രശ്നമാണ്.
നൈജീരിയയിൽ കൂട്ടക്കൊലപാതകം; ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം 60 പേരെ കൊന്നു