നൈജീരിയയിൽ കൂട്ടക്കൊലപാതകം; ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം 60 പേരെ കൊന്നു

നൈജീരിയയിൽ കൂട്ടക്കൊലപാതകം; ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം 60 പേരെ കൊന്നു

അബുജ : നൈജീരിയയിലെ വടക്കൻ ബൊർനോ സ്റ്റേറ്റിൽ വിളവെടുക്കുന്നതിനിടെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമിലെ അംഗങ്ങൾ 60 നെൽകർഷകരെയും മത്സ്യത്തൊഴിലാളികളെയും കൊന്നതായി അധികൃതർ അറിയിച്ചു. ഗാരിൻ ക്വാഷെബെയിലെ ഒരു നെൽവയലിലാണ് ശനിയാഴ്ച ആക്രമണം നടന്നത്. നെൽകൃഷിക്ക് പേരുകേട്ട ബൊർനോ സമുദായാഗംങ്ങളാണ് കൊല്ലപ്പെട്ടത്. തദ്ദേശ സ്വയംഭരണ സമിതികളെ തിരഞ്ഞെടുക്കുവാൻ വേണ്ടി 13 വർഷത്തിനിടെ ഗ്രാമവാസികൾ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ദിവസം തന്നെയാണ്ഈ കൊലപാതകങ്ങൾ അരങ്ങേറിയത്.

കർഷകരെ സായുധ കലാപകാരികൾ വളഞ്ഞിട്ട് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ബൊർനോ സംസ്ഥാനത്തെ നെൽകർഷക സംഘടനയുടെ നേതാവായ മാലം സബർമാരി കൂട്ടക്കൊല സ്ഥിരീകരിച്ചു. “സബർമാരി സമുദായത്തിലെ ഗാരിൻ-ക്വാഷെബെ നെൽവയലിലാണ് കർഷകർ ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 40 ഓളം പേർ കൊല്ലപ്പെട്ടു,” മരണസംഖ്യ 60 വരെ എത്താനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി ദുഃഖം രേഖപ്പെടുത്തി. “കഠിനാധ്വാനികളായ നമ്മുടെ കർഷകരെ ബൊർനോ സ്റ്റേറ്റിൽ തീവ്രവാദികൾ കൊന്നതിനെ ഞാൻ അപലപിക്കുന്നു. വിവേകമില്ലാത്ത ഈ കൊലപാതകങ്ങളാൽ രാജ്യം മുഴുവൻ വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ സമയത്ത് എന്റെ ചിന്തകൾ അവരുടെ കുടുംബത്തോടൊപ്പമുണ്ട്. അവരുടെ ആത്മാക്കൾ സമാധാനത്തോടെ ഇരിക്കട്ടെ, ”അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളേയും പ്രദേശത്തെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സായുധ സേനയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകിയിട്ടുണ്ട് എന്ന് ബുഹാരി അറിയിച്ചു.


44 പേരുടെ മൃത സംസ്കാരം ഞായറാഴ്ച നടത്തിയെന്ന് ബൊർനോയിലെ ജെറെ ഫെഡറൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി സഭയിലെ അംഗം അഹമ്മദ് സതോമി പറഞ്ഞു. ബോക്കോ ഹറാമും അവരിൽ നിന്ന് പിരിഞ്ഞ തീവ്രവാദ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയും ഈ മേഖലയിൽ സജീവമാണ്.

ബോക്കോ ഹറാമിന്റെ പതിറ്റാണ്ടിലേറെ നീണ്ട കലാപം ആയിരക്കണക്കിന് ആളുകൾ മരിക്കുകയും പതിനായിരക്കണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്തു.

ബോക്കോ ഹറാം ഗ്രാമീണരിൽ നിന്നും അനധികൃത നികുതി പിരിക്കുന്നു .കന്നുകാലികളോ വിളകളോ എടുത്തു കൊണ്ടാണ് ഇത്തരത്തിൽ ഉള്ള നികുതി പിരിവ് . എന്നാൽ ചില ഗ്രാമവാസികൾ ഈ കൊള്ളയടിയെ ചെറുക്കാൻ തുടങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ച ബോക്കോ ഹറാമിലെ ഒരു തോക്കുധാരി കർഷകരിൽ നിന്ന് പണം പിരിക്കാനും അവനുവേണ്ടി പാചകം ചെയ്യാനും ഉത്തരവിട്ടുകൊണ്ട് അവരെ ഉപദ്രവിക്കാൻ എത്തി. ഭക്ഷണം പാകം ചെയ്യുന്നതിനായി തീവ്രവാദി കാത്തിരിക്കുമ്പോൾ, കർഷകർ അയാളുടെ റൈഫിൾ തട്ടിയെടുത്ത് ടോയ്‌ലറ്റിൽ കെട്ടിയിട്ടു. പിന്നീട് അവർ അവനെ സുരക്ഷാസേനയ്ക്ക് കൈമാറി.പക്ഷെ,തീവ്രവാദിയെ പിടിക്കാൻ സഹായിച്ച ധീരരായ കർഷകരെ സുരക്ഷാ സേന സംരക്ഷിച്ചില്ല. തീവ്രവാദിയെ പിടികൂടിയതിനു പ്രതികാരമായി കൂടുതൽ ബോക്കോ ഹറാം തീവ്രവാദികൾ ഗ്രാമീണരെ അവരുടെ കൃഷിയിടങ്ങളിൽ ആക്രമിക്കാൻ എത്തി. നിരായുധരാക്കിയ ശേഷം അവരെ വധിച്ചു. കൂട്ടകൊലപാതകത്തിനു ശേഷം വയലുകളും കൃഷിയിടങ്ങളും കലാപകാരികൾ കത്തിച്ചു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് ഐസിസ്, ബോക്കോ ഹറാം, അൽ-ഷബാബ്.എന്നിവ. ബോക്കോ ഹറാം 2009 മുതൽ നൈജീരിയയിൽ പ്രവർത്തിക്കുന്നു, ഐസിസ് 2015 ൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്ന പേരിൽ ഒരു പ്രത്യേക ഗ്രൂപ്പ് ആരംഭിച്ചു. അൽ-ഷബാബ് സൊമാലിയയിൽ നിന്നും പ്രധാനമായും കിഴക്കൻ ആഫ്രിക്കയിലാണ് പ്രവർത്തിക്കുന്നത്. ഇവരെല്ലാം ക്രൂരമായ കൊലപാതകങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധരാണ്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയുള്ള പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ കഴിഞ്ഞ ദശകത്തിൽ 50,000 മുതൽ 70,000 വരെ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസർഷൻ (ഐസിസി) കണക്കാക്കുന്നു. ലോകശക്തികൾ ഈ കൊലപാതകങ്ങളിൽ പ്രതിഷേധിക്കുക പോലും ചെയ്യുന്നില്ല എന്നതാണ് സങ്കടകരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.