ദുബായ്: ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ചീട്ടുകൊട്ടാരം കണക്കെയാണ് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണുടഞ്ഞത്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് ലക്ഷ്യം അപ്രാപ്യമെന്ന് 10 ആം ഓവറിന് മുന്‍പുതന്നെ ബാംഗ്ലൂര്‍ തിരിച്ചറിഞ്ഞു. വാലറ്റത്ത് പൊരുതി നോക്കിയ വാഷിങ്ടണ്‍ സുന്ദറാണ് ആര്‍സിബിയുടെ മാനം അല്‍പ്പമെങ്കിലും രക്ഷിച്ചത്. ഐപിഎല്‍ ആറാം മത്സരത്തില്‍ 97 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കയ്യില്‍ നിന്നും കിങ്‌സ് ഇലവന്‍ പഞ്ചാബ് പിടിച്ചെടുത്തത്. 207 റണ്‍സിലേക്ക് ബാറ്റുവീശിയ ബാംഗ്ലൂര്‍ 109 റണ്‍സെടുത്തപ്പോഴേക്കും ഓള്‍ ഔട്ടായി. കളിയുടെ സമഗ്രമേഖലയിലും പഞ്ചാബിനായിരുന്നു ആധിപത്യം.
നായകന്‍ കെഎല്‍ രാഹുലിന്റെ സെഞ്ച്വറി മികവിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡില്‍ 206 റണ്‍സ് കുറിച്ചത്. ക്യാപ്റ്റന്‍ ലോകേഷ് രാഹുലിന്റെ സെഞ്ചുറി പ്രകടനവും മികച്ച കൂട്ടുകെട്ടുകളുമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. 62 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ 69 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും 14 ഫോറുമടക്കം 132 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്.
ടെസ്റ്റ് ക്രിക്കറ്റിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ലോകേഷ് രാഹുലിന് ട്വന്റി ട്വന്റി പോലെയുള്ള അതിവേഗ ക്രിക്കറ്റ് മത്സരങ്ങളിൽ അധികമൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനും ഫാസ്റ്റ് ക്രിക്കറ്റിലെ സൂപ്പർ താരവുമായ വിരാട് കോലി നയിച്ച ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെയാണ് പരാജയപ്പെടുത്താനായത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു പൊൻതൂവലായിരിക്കും എന്നതിൽ സംശയമില്ല.
കെ എൽ രാഹുൽ എന്നറിയപ്പെടുന്ന കണ്ണൂർ ലോകേഷ് രാഹുൽ മംഗ്ലൂരിൽ ജനിച്ച് കർണ്ണടയ്ക്ക് വേണ്ടി കളിച്ച് തുടങ്ങി ഇന്ത്യൻ ടീമിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ്. (ജെ കെ )