ലണ്ടന്‍: ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിനരികിലേക്കു പോകാനുള്ള തയാറെടുപ്പിനിടെ യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. വര്‍ഷങ്ങളായി ബ്രൈറ്റണില്‍ താമസിക്കുന്ന ജോര്‍ജ് ജോസഫിന്റെ മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. ശനിയാഴ്ച്ച ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ഭര്‍ത്താവിനടുത്തേക്ക് യാത്ര തിരിക്കാനിരിക്കവെയാണ് അപ്രതീക്ഷിത വിയോഗം.
യുകെയില്‍ ക്ലിനിക്കല്‍ ഫര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു നേഹ. 2021 ഓഗസ്റ്റിലാണ് ഓസ്‌ട്രേലിയയില്‍ താമസമാക്കിയ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകന്‍ ബിനില്‍ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കള്‍ കോട്ടയം പാല സ്വദേശികളാണ്.
ഓസ്ട്രേലിയയിലേക്കു യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാനും യാത്ര പറയാനും കൂട്ടുകാരികള്‍ക്കരികിലേക്കു പോയ ശേഷം മടങ്ങി എത്തിയതാണ് നേഹ ജോര്‍ജ്. ഓസ്ട്രേലിയയിലേക്കു കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ഷോപ്പിംഗ് തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നേഹ.
എല്ലാം കഴിഞ്ഞ് വീട്ടിലെത്തി കുളിമുറിയില്‍ കയറിയ നേഹയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു കണ്ടില്ല. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രമധ്യേ മരണം സംഭവിച്ചു. ഇന്നലെ രാത്രി പ്രാദേശിക സമയം പത്തു മണിയോടെയാണ് മരണം സംഭവിച്ചത്.
നേഹയുടെ മാതാപിതാക്കള്‍ എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ്. നേഹയുടെ ആകസ്മിക മരണം യുകെയിലെയും ഓസ്ട്രേലിയയിലെയും മലയാളി സമൂഹങ്ങള്‍ക്ക് വലിയ വേദനയായി.
നേഹയുടെ മരണത്തില്‍ യുകെ ബ്രൈറ്റണിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും ഓസ്‌ട്രേലിയയിലെ ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും അനുശോചനം അറിയിച്ചു. മരണത്തെ തുടര്‍ന്നുള്ള തുടര്‍ നടപടികള്‍ക്കും ക്രമീകരണങ്ങള്‍ക്കുമായി ബ്രൈറ്റണിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നേഹയുടെ കുടുംബത്തിനൊപ്പമുണ്ട്. മാതാവ്: ബീന ജോര്‍ജ്. സംസ്‌കാരം പിന്നീട്.