സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും ഐഎസ്എസിലെത്തി

സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും ഐഎസ്എസിലെത്തി

ദുബായ്:ആറുമാസത്തെ ദീർഘകാല ദൗത്യത്തിനായി ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും ഇന്‍റർ നാഷണല്‍ സ്പേസ് സ്റ്റേഷനിലെത്തി. വ്യാഴാഴ്ച രാവിലെ യുഎഇ സമയം 9.34 ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട് 24 മണിക്കൂറിലധികം സഞ്ചരിച്ചാണ് സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും ഐഎസ് എസിലെത്തിയത്.പ്രതീക്ഷിച്ചതിലും 20 മിനിറ്റ് വൈകിയാണ് ഡ്രാഗണ്‍ പേടകത്തിന് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായുളള ഡോക്കിംഗ് പൂർത്തിയാക്കാനായത്. ബഹിരാകാശ നിലയത്തിലെ കൊളുത്തുകള്‍ വിന്യസിക്കുന്നതിലുണ്ടായ പിഴവാണ് ബഹിരാകാശ നിലയത്തില്‍ ഇറങ്ങുന്നത് വൈകിച്ചത്. നാസയിലെ എഞ്ചിനീയർമാർ വേഗം തന്നെ തകരാർ പരിഹരിച്ചു. സംഘാംഗങ്ങള്‍ ഐഎസ്എസിലേക്ക് പ്രവേശിച്ചു. അറബികില്‍ സ്വാഗതം എന്നർത്ഥം വരുന്ന അഹ്ലാന്‍ വാ സഹ്ലന്‍ എന്ന് പറഞ്ഞാണ് സംഘത്തെ ഐഎസ്എസിലെ മറ്റ് അംഗങ്ങള്‍ സ്വീകരിച്ചത്. ഇംഗ്ലീഷിലും റഷ്യന്‍ ഭാഷയിലും പിന്നീട് അഭിവാദ്യം ചെയ്തു. ഇതോടെ ദീർഘകാല ദൗത്യത്തിനായി ബഹിരാകാശ യാത്രികനെ ഐഎസ്എസിലേക്ക് അയക്കുന്ന പതിനൊന്നാമത്തെ രാജ്യമായി യുഎഇ. യുഎഇ ആസ്ട്രോനറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ നടത്തുകയും ബഹിരാകാശ പര്യവേഷണത്തിനായി യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയുമാണ് സംഘത്തിന്‍റെ ദൗത്യം. മൂന്നു തവണ സന്ദർശിച്ചിട്ടുള്ള സ്റ്റീഫൻ ബോവെൻ ആണ് സംഘത്തിൻ്റെ തലവൻ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.