തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച്ച വൈകുന്നേരം ആറോടെ എന്യൂമെറേഷന്‍ ഫോം വിതരണം 99 ശതമാനം ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍. വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകളുടെ എണ്ണം 60344 ആയി ഉയര്‍ന്നിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഇത് പുനപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടര്‍മാരുടെ 0.22 ശതമാനം വരും.
അതേസമയം ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎല്‍ഒമാരും മുഴുവന്‍ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയില്‍ പരാതികള്‍ ഉണ്ടാവാതിരിക്കുന്നതിനുമായി, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദേശം ചെയ്ത ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ചേര്‍ന്ന് അടിയന്തരമായി യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ ബി.എല്‍.ഒമാര്‍ക്കും നിര്‍ദേശം നല്‍കിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.