ദുബായ്:ഇന്ത്യ-യുഎഇ വിമാനസർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന വിമാനകമ്പനികളുടെ ആവശ്യം പരിഗണിക്കാന്‍ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രി ജ്യോതി രാദിത്യസിന്ധ്യ. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ആഴ്ചയില്‍ 65,000 സീറ്റുകളാണ് ഇന്ത്യ-യുഎഇ വിമാനസർവ്വീസിലുളളത്. ഇതില്‍ 50000 സീറ്റുകള്‍ കൂടുതല്‍ അനുവദിച്ചാല്‍ യാത്രാ ക്ലേശം കുറയ്ക്കുന്നതോടൊപ്പം ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുന്നതിന് തടയിടാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
സീറ്റുകള്‍ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ദുബായ് സിവില്‍ ഏവിയേഷന്‍ ഡയറക്ടർ ജനറല്‍ മുഹമ്മദ് എ അഹ്ലി മന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. കണ്ണൂർ, ഗോവ, അമൃത്സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഭുവനേശ്വർ, ഗുവാഹതി, പുനെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടുതല്‍ സർവ്വീസുകള്‍ നടത്താനുളള സന്നദ്ധതയാണ് യുഎഇ അറിയിച്ചത്. എന്നാല്‍ നിലവിലെ സീറ്റുകള്‍ വർദ്ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിമാനകമ്പനികളുടെ സമ്മർദ്ദമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
യുഎഇയില്‍ ഏകദേശം 35 ലക്ഷത്തോളം ഇന്ത്യാക്കാർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നതിലുപരി വിമാന സർവ്വീസ് വർദ്ധിപ്പിക്കുന്നത് എല്ലാ മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. യുഎഇ വിമാനകമ്പനികളായ എമിറേറ്റ്സ്, ഫ്ളൈ ദുബായ് ഉൾപ്പെടെയുള്ളവ കൂടുതൽ സർവീസ് നടത്താനുളള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ നിലപാട് അനുകൂലമല്ല. ഇത് ഇന്ത്യ-യുഎഇ വ്യോമയാന മേഖലയ്ക്ക് തന്നെ തിരിച്ചടിയായേക്കും.