ദുബായ്: യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും. പൊടിക്കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണം. വടക്ക് കിഴക്കന്‍ മേഖലകളില്‍ പകല്‍ സമയങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് രാവിലെ 6 മണിയോടെ ഹത്തയിലും അജ്മാനിലെ മസാഫൂട്ട് മേഖലയിലും മഴ പെയ്തു. റാസല്‍ ഖൈമയിലെ അല്‍ മുനിയാല്‍ മേഖലയിലും ശക്തമായ മഴ രേഖപ്പെടുത്തി. അലൈനിലെ അല്‍ അരാദ് മേഖലയിലും രാവിലെ 5.55 ന് മഴ കിട്ടി.
കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. വിവിധ പരിപാടികള്‍ക്കായി പുറത്തേക്ക് ഇറങ്ങുന്നവർ പൊടിക്കാറ്റടക്കമുളളവയില്‍ മുന്‍കരുതലെടുക്കണം. അധികൃതരുടെ മുന്നറിയിപ്പുകളും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓർമ്മിപ്പിച്ചു.