ദുബായ്: ഇസ്രായേലിലും ജർമ്മനിയിലും നടക്കുന്ന ആഭ്യന്തരപ്രക്ഷോഭങ്ങള് യുഎഇയില്‍ നിന്നുളള വിമാനസർവ്വീസുകളെ ബാധിച്ചു. ഇസ്രായേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എത്തിഹാദ് എയർവേസിന്റെ വിമാനം യാത്ര റദ്ദാക്കി. അബുദബിയില്‍ തന്നെ തിരിച്ചിറക്കി. ടെല്‍ അവീവിലേക്കും തിരിച്ചുമുളള ഇസ്രായേല്‍ വിമാനങ്ങള്‍ റദ്ദാക്കി.
സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും മറ്റ് സർവ്വീസുകള്‍ സംബന്ധിച്ചുളള അറിയിപ്പുകള് നല്‍കുമെന്നും എത്തിഹാദ് എയർവേസ് അറിയിച്ചു. ഒരുവേള ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ എല്ലാ സർവിസുകളും നിർത്തിവെക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും പിന്നീട് സേവനം പുനരാരംഭിച്ചു.
ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കുളള രണ്ട് ഫ്ലൈ ദുബായ് വിമാനങ്ങൾ വൈകിയാണ് യാത്ര തിരിച്ചത്. ജർമ്മനിയിലേക്കുളള എമിറേറ്റ്സ് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ജർമനിയിലെ മ്യൂണിക്, ഫ്രാങ്ക്ഫർട്ട്, ഡസിൽഡോർഫ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.