അബുദബി:എമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലൂടെ നിർദ്ധിഷ്ട വേഗതയില്‍ താഴെ വാഹനമോടിച്ചാല്‍ പിഴ ചുമത്തുമെന്ന് അബുദബി പോലീസ്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ഇടത്ത് നിന്നുളള ആദ്യ രണ്ട് ലൈനുകളില്‍ കുറഞ്ഞ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ ആയിരിക്കും. ഇതില്‍ കുറഞ്ഞ് ഈ ലൈനുകളിലൂടെ വാഹനമോടിച്ചാല്‍ പിഴ കിട്ടും. ഏപ്രില്‍ മാസത്തില്‍ മുന്നറിയിപ്പായിരിക്കും നല്കുക. മെയ് മാസം മുതല്‍ പിഴ ഈടാക്കും. കൂടിയ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്.
റോഡ് സുരക്ഷ മുന്‍നിർത്തിയാണ് മിനിമം വേഗത നടപ്പിലാക്കുന്നതെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൗൺ അൽ മുഹൈരി പറഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹമാണ് പിഴയെന്നും അദ്ദേഹം അറിയിച്ചു. കുറഞ്ഞ വേഗത നിശ്ചയിച്ചിട്ടില്ലാത്ത മൂന്നാമത്തെ പാതയിലൂടെ വേഗത കുറഞ്ഞ വാഹനങ്ങൾക്ക് കടന്നുപോകാം.ഹെവി ഡ്യൂട്ടി വാഹനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള അവസാന പാതയിലും സ്പീഡ് ലിമിറ്റ് ഒഴിവാക്കിയിട്ടുണ്ട്.