തിരുവനന്തപുരം: കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്ത മാസം ലഭിക്കും. മെയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയില്‍ പൂര്‍ത്തിയായി. രണ്ട് പിറ്റ്ലൈനുകള്‍ ഇതിനായി വൈദ്യുതീകരിച്ചു. ചെന്നൈ കോയമ്പത്തൂര്‍ റൂട്ടിലെ പോലെ എട്ട്കാര്‍ (കോച്ച്) വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക.
യാത്രക്കാരുടെ തിരക്കു പരിഗണിച്ച് പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് ഓടിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കണ്ണൂര്‍ വരെ ഓടിക്കാനാണ് സാധ്യത. അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇരട്ടപ്പാതയുള്ളതിനാല്‍ വന്ദേഭാരത് കോട്ടയം വഴിയാകും സര്‍വീസ് നടത്തുക.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75, 90, 100 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയമായ വേഗം. മറ്റു ട്രെയിനുകളില്‍ നിന്നും വ്യത്യസ്തമായി പെട്ടെന്നു വേഗം കൈവരിക്കാന്‍ വന്ദേഭാരതിനു കഴിയുമെന്നതിനാല്‍ ശരാശരി വേഗം 65 ന് മുകളില്‍ നിലനിര്‍ത്താന്‍ കഴിയും. കൂടുതല്‍ സ്റ്റോപ്പുകള്‍ നല്‍കുന്നത് വേഗം കുറയ്ക്കുമെന്നതിനാല്‍ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും സ്റ്റോപ്.