മധുവിധു കഴിയും മുന്‍പേ തമിഴ്‌നാട്ടില്‍ ഭരണ മുന്നണിയില്‍ ഭിന്നത; മന്ത്രിസഭ വിടുമെന്ന് കോണ്‍ഗ്രസ്

മധുവിധു കഴിയും മുന്‍പേ തമിഴ്‌നാട്ടില്‍ ഭരണ മുന്നണിയില്‍ ഭിന്നത; മന്ത്രിസഭ വിടുമെന്ന് കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി നൂറ് ദിവസം പിന്നിടുമ്പോള്‍ ഭരണ മുന്നണിയില്‍ കല്ലുകടി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാക്കളുടെ ശ്രമമാണ് കോണ്‍ഗ്രസുമായുള്ള ഭിന്നതയ്ക്ക് കാരണമായത്.

'2029 ല്‍ വിജയ് പ്രധാനമന്ത്രി' എന്ന പ്രചാരണം ടിവികെ പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലടക്കം സജീവമാക്കിയത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. ഇതോടെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ചില്ലെങ്കില്‍ തമിഴ്നാട് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്ന കര്‍ശന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ഇന്ത്യ ടുഡേ-സി വോട്ടര്‍ 'മൂഡ് ഓഫ് ദി നേഷന്‍' സര്‍വേയും മറ്റൊരു പ്രമുഖ ടെലിവിഷന്‍ ചാനല്‍ നടത്തിയ സര്‍വേയും പുറത്തു വന്നതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ജനപിന്തുണയില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു വിജയ്.

ഒന്‍പത് മുതല്‍ 9.2 ശതമാനം വരെ പിന്തുണയോടെയാണ് മുഖ്യമന്ത്രി വിജയ് പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ ടിവികെ നേതാക്കള്‍ വിജയിയെ ദേശീയ നേതാവ് എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി.

ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെയുള്ള വീഡിയോ പ്രൊമോഷനുകളും നടക്കുന്നുണ്ട്. തൂത്തുക്കുടി അടക്കമുള്ള തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിജയിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിന് പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

'ഇന്നത്തെ മുഖ്യമന്ത്രി നാളത്തെ പ്രധാനമന്ത്രി' എന്നാണ് വിജയുടെ ചിത്രമുള്ള പോസ്റ്ററില്‍ പറയുന്നത്. മുഖ്യമന്ത്രി വിജയിയെ പ്രശംസകൊണ്ട് മൂടുന്നതില്‍ പിശുക്കു കാണിക്കാത്ത പല ടിവികെ നേതാക്കളും ഇത് ഏറ്റെടുക്കുകയും ചെയ്തു. ടിവികെ മന്ത്രിമാരായ കെ.എ സെങ്കോട്ടയ്യന്‍, സിടിആര്‍ നിര്‍മല്‍ കുമാര്‍ എന്നിവരും പിന്തുണച്ച് രംഗത്തെത്തി.

ഇതോടെ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് നേതാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ പി. വിശ്വനാഥന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്ക് നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിജയ് മന്ത്രിസഭയിലെ മറ്റൊരു കോണ്‍ഗ്രസ് മന്ത്രിയായ രാജേഷ് കുമാര്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. വിജയിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിത്രീകരിക്കുന്നതിനെതിരെ പ്രതികരിച്ച അദ്ദേഹം, 2029 ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ടിവികെ അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ രണ്ട് മന്ത്രിമാരും തമിഴ്നാട് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാണിക്യം ടാഗോര്‍ എക്സ് പ്ലാറ്റ്ഫോമില്‍ 'കുറുക്കന്റെ വ്യാജ സര്‍വേ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് സര്‍വേകളെ പരോക്ഷമായി വിമര്‍ശിച്ചു. അതേസമയം ഈ സര്‍വേകള്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്നാണ് ടെലിവിഷന്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് അനുയായികള്‍ ആരോപിക്കുന്നത്.

വിഷയത്തില്‍ പരിഹാസവുമായി ഡിഎംകെയും രംഗത്തെത്തി. വിജയ് ഐക്യരാഷ്ട്ര സഭയുടെ തലവനാകുമെന്നുവരെ ടിവികെ അണികള്‍ പറയുമെന്നും അവരുടെ ഭാവനയ്ക്ക് അതിരുകളില്ലെന്നും ഡിഎംകെ സെക്രട്ടറി ആര്‍.എസ് ഭാരതി പരിഹസിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കെ വിജയിയെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.