ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും വികസനവും ഉന്നമനവും ലക്ഷ്യമിട്ട് നിർണായക പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ. നിയമസഭയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ മന്ത്രി എ.എം. ഷാജഹാനാണ് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചത്.
ക്രിസ്ത്യൻ, മുസ്ലിം സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വാണിജ്യ സമുച്ചയങ്ങൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയ വരുമാനദായക സംരംഭങ്ങൾ ആരംഭിക്കുന്നതിന് 100 കോടി രൂപയുടെ പ്രത്യേക റിവോൾവിങ് ഫണ്ട് രൂപീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
പദ്ധതികൾ നടപ്പാക്കുന്നതിനായി ഈ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. ഇതുവഴി സ്ഥാപനങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ ചരിത്രപരവും പഴക്കമേറിയതുമായ പള്ളികളുടെ അറ്റകുറ്റപ്പണികൾക്കും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ഈ സാമ്പത്തിക വർഷം 10 കോടി രൂപയുടെ പ്രത്യേക ഗ്രാന്റും സർക്കാർ അനുവദിച്ചിട്ടുണ്ട്. പുനരുദ്ധാരണ വേളയിൽ പള്ളികളുടെ പൈതൃകവും തനിമയും പരമ്പരാഗത നിർമാണ രീതികളും ഒട്ടും ചോർന്നുപോകാതെ സംരക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നവീകരണത്തിനൊപ്പം ന്യൂനപക്ഷ സമൂഹത്തിലെ യുവജനങ്ങൾക്കും സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. തമിഴ്നാട് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുഖേന അടുത്ത നാല് വർഷത്തിനിടെ 10,000 ന്യൂനപക്ഷ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകും.
ഐ.ടി., ഓട്ടോമൊബൈൽ, വസ്ത്ര രൂപകൽപ്പന, ബ്യൂട്ടി ആൻഡ് വെൽനസ്, എംബ്രോയ്ഡറി, കൃഷി തുടങ്ങിയ വിവിധ പ്രധാന മേഖലകളിലാണ് ഈ പരിശീലനം ലഭ്യമാക്കുക. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ഇത്തരം മാതൃകാപരമായ പദ്ധതികൾ വലിയതോതിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.