ഹല്‍ദ്വാനി ശുദ്ധീകരണത്തെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്

ഹല്‍ദ്വാനി ശുദ്ധീകരണത്തെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പരിപാടിക്ക് പിന്നാലെ വേദിയില്‍ ശുദ്ധീകരണം നടത്തിയതിനെതിരെ പ്രതികരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. മതപരമായ ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചെന്ന് കാണിച്ചാണ് രാഹുലിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കോടെടുത്തിരിക്കുന്നത്.

ശുദ്ധീകരണ പ്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഹല്‍ദ്വാനിയിലെ വാല്‍മീകി സമുദായ അംഗവും ശുദ്ധീകരണ പ്രക്രിയയില്‍ പങ്കാളിയുമായിരുന്ന അമിത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഹല്‍ദ്വാനി കോട്വാലി പൊലീസാണ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്നും തന്റെ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകളും അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തുന്നതും മതവികാരങ്ങളെ മനപൂര്‍വം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് എട്ടിന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പൊതുയോഗം നടന്നിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 11 ന് ചിലര്‍ വേദിയില്‍ 'ശുദ്ധീകരണ യജ്ഞം' നടത്തിയതാണ് വിവാദമായത്.

ഖാര്‍ഗെ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാവായതിനാലാണ് വേദി 'ശുദ്ധീകരിച്ചത്' എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. സംഭവം ബിജെപിയുടെയും ആര്‍.എസ്.എസിന്റെയും ദളിത് വിരുദ്ധ മനോഭാവമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.