തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ നിന്ന് പോയ വേളാങ്കണ്ണി തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. തൃശൂര്‍ നെല്ലിക്കുഴി സ്വദേശി ലില്ലി (63), റയാന്‍ (ഒമ്പത്) എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.
ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് ഒല്ലൂരില്‍ നിന്ന് സംഘം തീര്‍ഥാനത്തിന് തിരിച്ചത്. കുട്ടികളടക്കം 51 പേരുണ്ടായിരുന്നു. തഞ്ചാവൂരിനടുത്ത് ഓര്‍ത്തനാട് വെച്ച് ബസ് നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ച് ചെങ്കുത്തായ കുഴിയിലേക്ക് മറിയുകയായിരുന്നു.
നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ മണ്ണാര്‍ക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.