ഓശാന തിരുനാളിന്റെ നിറവിൽ യുഎയി യിലെ ക്രൈസ്തവ ദേവാലയങ്ങൾ

ഓശാന തിരുനാളിന്റെ നിറവിൽ യുഎയി യിലെ ക്രൈസ്തവ ദേവാലയങ്ങൾ

യുഎഇ: വിശുദ്ധവാരത്തിനു തുടക്കമിട്ടുകൊണ്ട് ഭക്തിയുടെ നിറവിൽ യുഎഇ യിലെ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന തിരുനാൾ ആഘോഷിച്ചു. ദുബായ് അടക്കമുള്ള പല ദേവാലയങ്ങളിലും അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഓശാനക്കായി നാട്ടിൽ നിന്നും പ്രത്യേകം കൊണ്ടുവന്ന കുരുത്തോലകളും ഏന്തിയാണ് വിശ്വാസികൾ ശുശ്രൂഷയിൽ സംബന്ധിച്ചത്.   

മുസഫാ സെന്റ് പോൾസ് ദേവാലയത്തിൽ ഫാ. ടോം ജോസഫിന്റെ കാർമ്മികത്വത്തിലും തിരു കർമ്മങ്ങൾ അനുഷ്ഠിച്ചു. വെഞ്ചരിച്ച കുരുത്തോലയുമേന്തി വിശ്വാസികൾ ഭക്തിപൂർവ്വം തിരു കർമ്മങ്ങളിലും പ്രദക്ഷിണത്തിലും പങ്കു ചേർന്നു.

അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ ഫാ. ജോബി കരിക്കംപള്ളിയുടെ കാർമ്മികത്വത്തിലും തിരു കർമ്മങ്ങൾ അനുഷ്ഠിച്ചു.



ആയിരങ്ങൾ പങ്കെടുത്ത തിരു കർമ്മങ്ങൾക്ക് ദുബായ് സെന്റ് മേരീസ് ദേവാലയം ഇന്ന് സാക്ഷ്യം വഹിച്ചു. ഫാ. വർഗ്ഗീസ് കോഴിപ്പാടൻ മുഖ്യ കാർമ്മികനായും, ഫാ. ജോസ് കാക്കരിയിൽ, ഫാ. ഷെലിൻ വർഗ്ഗീസ് എന്നിവർ സഹകാർമ്മികരായുമാണ് ഓശാന ശുശ്രൂഷകൾ നടന്നത്. 


ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ഫാ. ജോസ് വട്ടുകുളത്തിൽ, വികാരി ഫാ. സബരി മുത്തു എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിലും മറ്റു ശുശ്രൂഷകളിലും ഇടവകയിലെ ജനങ്ങൾ ഭക്തി പൂർവ്വം പങ്കെടുത്തു. ഞായറാഴ്ച യുഎഇ ൽ പൊതു അവധിയായതും, അനുകൂലമായ കാലാവസ്ഥ ലഭ്യമായതും അനുഗ്രഹമായി അനേകം വിശ്വാസികൾ വിലയിരുത്തുന്നുണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.