കൊച്ചി: ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടില്‍ എടുത്തതാകാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്, അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെപ്പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെയാണ് പാലായിലേക്ക് സ്ഥലം മാറ്റിയത്. ശമ്പള രഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നുവെന്നാണ് ഉത്തരവില്‍ മാനേജ്മെന്റ് പറഞ്ഞത്.
അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന സത്യവാങ്മൂലത്തിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്വം മാനേജ്മെന്റിനാണ്. സര്‍ക്കാര്‍ സഹായം തുടരും, അക്കാര്യത്തില്‍ ദുര്‍വ്യാഖ്യാനം വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.