തിരുവനന്തപുരം: മണല്‍ വാരല്‍ അഴിമതിയില്‍ സിഡ്കോ ടെലികോം സിറ്റി പദ്ധതിയിലെ സ്വത്ത് കണ്ടുകെട്ടി ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). അഞ്ചേകാല്‍ കോടി രൂപയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം മേനാംകുളം മണല്‍ വാരല്‍ അഴിമതിയില്‍ 11 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതിനെ തുടര്‍ന്നാണ് നടപടി.
പ്രദേശത്തുനിന്ന് 60 കോടിയുടെ മണല്‍ കടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ ആറേമുക്കാല്‍ കോടി രൂപയുടെ അഴിമതി നടന്നു. കേസില്‍ സിഡ്കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു.
സജി ബഷീര്‍, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്തത്. കള്ളപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ തേടിയാണ് ഇവരെ ചോദ്യം ചെയ്തത്. രാവിലെ 11.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ചര വരെ നീണ്ടു.
നിരവധി അഴിമതിക്കേസുകളില്‍ ആരോപണവിധേയനാണ് സജി ബഷീര്‍. ഇയാള്‍ക്കെതിരേ 15 കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. നിരവധി ആരോപണങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളെ പുറത്താക്കിയിരുന്നു.