യുഎഇയില്‍ എവിടെയും ചരക്ക് നീക്കത്തിന് എത്തിഹാദ് റെയില്‍

യുഎഇയില്‍ എവിടെയും ചരക്ക് നീക്കത്തിന് എത്തിഹാദ് റെയില്‍

അബുദബി: രാജ്യത്ത് എവിടേയ്ക്കുമുളള ചരക്ക് നീക്കത്തിന് എത്തിഹാദ് റെയില്‍ സജ്ജമായെന്ന് അധികൃതർ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തിഹാദ് റെയില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. 38 ലോക്കോമോട്ടീവും 1000 കോച്ചുകളുമാണുളളത്.

യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലയാണ് എത്തിഹാദ് റെയില്‍. യുഎഇയില്‍ ചരക്ക് നീക്കം പൂർണ തോതില്‍ ആരംഭിച്ചുവെന്നാണ് ട്വിറ്ററിലൂടെ എത്തിഹാദ് റെയില്‍ അധികൃതർ അറിയിച്ചിട്ടുളളത്. റുവൈസ്, അബുദബി ഇന്‍ഡസ്ട്രിയല്‍ സിറ്റി, ജബല്‍ അലി പോർട്ട്, അല്‍ ഖെയ്ല്‍ ആന്‍റ് ഫുജൈറ പോർട്ട് എന്നിവിടങ്ങളില്‍ ചാർജ്ജിംഗ് സ്റ്റേഷനുകളുണ്ട്. ചരക്കുകളുടെ പ്രാദേശിക മേഖലതല വിതരണം ഇവിടെയാണ് നടക്കുക. കസ്റ്റംസ് പരിശോധനയ്ക്കുളള സൗകര്യവും ഇവിടെയുണ്ട്.

വിവിധ തരത്തിലുളള ചരക്ക് നീക്കം ഇതിലൂടെ സാധ്യമാകും. ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും മുതല്‍ ഇരുമ്പ്, കെട്ടിടനിർമ്മാണ വസ്തുക്കള്‍, അലൂമിനിയം ഉള്‍പ്പടെ എന്തും എവിടെയുമെത്തിക്കാന്‍ എത്തിഹാദ് റെയിലിനെ ആശ്രയിക്കാം.വെബ് സൈറ്റ് വഴിയോ 971 2 499 9999 എന്ന നമ്പറിലൂടെയോ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അധികൃതരെ ബന്ധപ്പെടാം.

നിലവില്‍ ചരക്ക് നീക്കമാണ് പൂർണതോതില്‍ ആരംഭിച്ചിട്ടുളളത്. യാത്രാ തീവണ്ടികള്‍ ഉള്‍പ്പടെയുളള റെയില്‍ ശൃംഖല പൂർത്തിയാകുമ്പോള്‍ രാജ്യത്തുടനീളം 1200 കിലോമീറ്ററായിരിക്കും റെയില്‍ ശൃംഖല. കാർബണ്‍ പുറന്തളളല്‍ 80 ശതമാനം കുറയ്ക്കാനും എത്തിഹാദ് റെയില്‍ പദ്ധതി സഹായകരമാകും. യാത്രാ തീവണ്ടികളുടെ സേവനം എന്നുമുതല്‍ ആരംഭിക്കുമെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. എങ്കിലും 2030 ആകുമ്പോഴേക്കും 36 ദശലക്ഷത്തിലധികം ജനങ്ങള്‍ക്ക് എത്തിഹാദ് റെയിലിന്‍റെ സേവനം പ്രയോജനപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.