തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ മതപരമായ സേവനങ്ങള്‍ വേണ്ടെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ഉത്തരവിട്ടതിന് പിന്നാലെ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു.
വിശുദ്ധ വാരത്തില്‍ വന്ന നിയന്ത്രണം പിന്‍വലിക്കണം എന്ന് കര്‍ദിനാള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തടവുപുള്ളികളുടെ മാനസീകവും ആത്മീയവുമായ ആവശ്യങ്ങള്‍ നിഷേധിക്കുന്നത് നീതിയല്ലെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജയില്‍ വകുപ്പ് തീരുമാനം പിന്‍വലിച്ചതോടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തില്‍ പെസഹാ വ്യാഴ ശുശ്രൂഷകള്‍ നടക്കും.
ജയിലുകളിലെ അന്തേവാസികളുടെ മന പരിവര്‍ത്തനത്തിനും ധാര്‍മിക ജീവിതത്തിനും ആവശ്യമായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് നീതീകരിക്കാനാകില്ലെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളില്‍ മത സംഘടനകള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു. തടവുപുള്ളികള്‍ക്ക് ആധ്യാത്മിക ക്ലാസുകള്‍ നല്‍കിയിരുന്നു. ഇനി ഇത്തരം സംഘടനകള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്നായിരുന്നു ജയില്‍ മേധാവിയുടെ ഉത്തരവ്.
വിവാദ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ജയില്‍ മേധാവി തന്നെ രംഗത്ത് വന്നു. ആധ്യാത്മിക ക്ലാസുകള്‍ പൂര്‍ണമായും നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ആധ്യാത്മിക ക്ലാസുകള്‍ക്കൊപ്പം മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.