കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫി മറ്റൊരു കോച്ചിന് കൂടി തീയിടാൻ പദ്ധതിയിട്ടിരുന്നതായി സൂചന. ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ ഡി വൺ കോച്ചിൽ തീയിട്ട ശേഷം ഡി ടൂ കോച്ച് കൂടി കത്തിക്കാൻ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും താൻ ഒറ്റക്കാണ് കൃത്യം ചെയ്തത് എന്ന മൊഴി ആവർത്തിക്കുകയാണ് ഷാറൂഖ്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്.
ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോ എൻഡോളജി, സർജറി വിഭാഗങ്ങളാണ് ഇന്ന് പ്രതിയെ പരിശോധിക്കുക. തുടർന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക.